മകര വിളക്ക് മഹോത്സവത്തിനായി ഒരുങ്ങി സന്നിധാനം; നാളെ ശബരിമലയിലെത്താന്‍ അനുമതിയുള്ളത് എഴുപതിനായിരം പേര്‍ക്ക്
പത്തനംതിട്ട: മകര വിളക്ക് മഹോത്സവത്തിനായി ഒരുങ്ങി ശബരിമല സന്നിധാനം. എഴുപതിനായിരം പേർക്കാണ് മകര വിളക്ക് ദിവസം സന്നിധാനത്തെത്താൻ അനുമതിയുള്ളത്. കൂടുതൽ തീർത്ഥാടകരുള്ളതിനാൽ തന്നെ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. മകരസംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള ശുദ്ധി ക്രിയകള്‍ ഇന്ന് പൂര്‍ത്തിയാകും.
കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പര്‍ണശാലകള്‍ കെട്ടാന്‍ ഇത്തവണയും അനുമതിയില്ല. എങ്കിലും മകരവിളക്ക് കാണാനെത്തിയ തീര്‍ത്ഥാടകരെ കൊണ്ട് സന്നിധാനവും പമ്പയും പരിസര പ്രദേശങ്ങളും ഇതിനോടകം തന്നെ നിറഞ്ഞു കഴിഞ്ഞു. തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതല്‍ പോലീസ് സേനാ അംഗങ്ങളെ എത്തിച്ചിട്ടുണ്ട്.
എരുമേലിയില്‍ നിന്നും പേട്ടതുള്ളിയെത്തിയ അമ്പലപ്പുഴ – ആലങ്ങാട്ട് സംഘങ്ങളുടെ പമ്പാ സദ്യ ഇന്ന് നടക്കും. വൈകിട്ട് പമ്പാ വിളക്കിന് ശേഷമാവും ഇരു സംഘങ്ങളും സന്നിധാനത്ത് എത്തുക.
കോവിഡ് കണക്കുകൾ കുതിച്ചുയരുന്നതിനാൽ അതീവ ജാഗ്രത പുലർത്തണമെന്നും കൃത്യമായ കോവിഡ് പ്രോട്ടോകോളുകൾ ഭക്തർ പാലിക്കണമെന്നും ആരോഗ്യ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. മാസ്ക് ധരിക്കല്‍, സാനിറ്റൈസര്‍ ഉപയോഗിക്കല്‍ എന്നീ കാര്യങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും, പോലീസ് ഇത് ഉറപ്പുവരുത്തുമെന്നും ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്പറഞ്ഞു.
ജ്യോതി ദര്‍ശനസൗകര്യത്തിനായി ഒരുക്കിയിരിക്കുന്ന സ്ഥലങ്ങളായ പഞ്ഞിപ്പാറ, നെല്ലിമല, അയ്യന്‍മല, ഇലവുങ്കല്‍, അട്ടത്തോട് പടിഞ്ഞാറേ കോളനി, അട്ടത്തോട്, ഹില്‍ടോപ്പ്, പാണ്ടിത്താവളം എന്നിവിടങ്ങളില്‍ എത്തുന്ന അയ്യപ്പഭക്തര്‍ തിരക്കുകൂട്ടാതെയും കോവിഡ് പ്രോട്ടോക്കോള്‍ നിബന്ധനകള്‍ പാലിച്ചും സൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണ് എന്നും അദ്ദേഹം കൂട്ടി ചേർത്തു.