മംഗലാപുരത്തുണ്ടായ വാഹനാപകടത്തില്‍ കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു
കുറ്റ്യാടി: മംഗലാപുരത്ത് കാർ ബൈക്കിലിടിച്ച് കുറ്റ്യാടി സ്വദേശി മരിച്ചു. തളീക്കര എരത്ത് വീട്ടിൽ അബ്ദുനാസറിന്റെയും കണ്ടിയിൽ റസിയയുടെയും മകൻ ഹാനി അബ്ദുനാസറാണ് (28) മരിച്ചത്. മംഗലാപുരം വിമാനത്താവളത്തിൽ ജോലിചെയ്യുന്ന ഹാനി സുഹൃത്തിനൊപ്പം ബൈക്കിൽ താമസസ്ഥലത്തേക്ക് പോകവേ വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് അപകടത്തിൽപെട്ടത്.
അതിവേഗത്തിലെത്തിയ കാർ ബൈക്കിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഹാനി പിൻസീറ്റിലായിരുന്നു. രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹാനി അബ്ദുനാസറിന്റെ ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ച സുഹൃത്ത് ആശുപത്രിയിൽ ചികിത്സയിലാണ്.
മൃതദേഹം കുറ്റ്യാടി ജുമാമസ്ജിദിൽ കബറടക്കി. മംഗലാപുരത്ത് പഠിക്കുന്ന ഹിബ അബ്ദുനാസർ ഏകസഹോദരിയാണ്.