ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന്റെ മടുപ്പില്‍ നിന്ന് രക്ഷയൊരുക്കാന്‍ പ്രത്യേക പഠന പരിശീലന കേന്ദ്രങ്ങള്‍; കോഴിക്കോട് ജില്ലയില്‍ ഒരുക്കിയത് 280 കേന്ദ്രങ്ങള്‍


കോഴിക്കോട്: വീട്ടില്‍ അടച്ചിടുന്നതിന്റെയും ഓണ്‍ലൈന്‍ പഠനത്തിന്റെയും മടുപ്പില്‍നിന്ന് ഭിന്നശേഷി കുട്ടികള്‍ക്ക് രക്ഷയൊരുക്കി സമഗ്ര ശിക്ഷാ കോഴിക്കോടിന്റെ പ്രത്യേക പഠന പരിശീലന കേന്ദ്രങ്ങള്‍. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന 280 സ്‌പെഷ്യല്‍ കെയര്‍ സെന്ററുകളാണ് ജില്ലയിലുള്ളത്. മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പുവരുത്താനുള്ള പഠന പരിശീലനങ്ങളാണ് ഇവിടെ നല്‍കുന്നതെന്ന് ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ കെ അബ്ദുള്‍ ഹക്കീം അറിയിച്ചു.

കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സിലിങ്, ശാരീരിക മാനസികാരോഗ്യം പരിപോഷിപ്പിക്കാനാവശ്യമായ കലാ കായിക പരിശീലനം, സംഗീത ക്ലാസുകള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ഓരോ കുട്ടിക്കും അനുയോജ്യമായ വ്യായാമങ്ങള്‍, വ്യക്തിഗത വിദ്യാഭ്യാസ പരിപാടി തയ്യാറാക്കി പഠനപിന്തുണ നല്‍കല്‍ എന്നിവയാണ് പ്രധാനമായും നടന്നുവരുന്നത്.

ജില്ലയില്‍ അയ്യായിരത്തോളം ഭിന്നശേഷി കുട്ടികളുണ്ട്. പ്രത്യേകമായ സ്വഭാവ സവിശേഷതകള്‍കൊണ്ടും ശാരീരിക മാനസിക പ്രത്യേകതകള്‍കൊണ്ടും ഓണ്‍ലൈന്‍ പഠനവുമായി സമരസപ്പെട്ടുപോകാന്‍ മറ്റു കുട്ടികളെപ്പോലെ ഇവര്‍ക്ക് സാധിക്കുന്നില്ല. നേരിട്ട് നല്‍കുന്ന പരിശീലനം ലഭിക്കാത്തതുകാരണം കുട്ടികള്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നുണ്ട്. ഇത് മാനസിക- ശാരീരിക ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ പിന്തുണാ സംവിധാനങ്ങള്‍ ലഭ്യമാക്കാനാണ് സമഗ്ര ശിക്ഷാ കേരളം സ്പെഷ്യല്‍ കെയര്‍ സെന്റര്‍ നടപ്പാക്കുന്നത്.

ഭിന്നശേഷി കുട്ടികളുടെ അമ്മമാര്‍ക്കായി ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവും ഇവിടങ്ങളില്‍ പരിശീലിപ്പിക്കുന്നു. ബി.ആര്‍.സികളിലെ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരും സ്‌പെഷ്യലിസ്റ്റ് അധ്യാപകരുമാണ് നേതൃത്വം നല്‍കുന്നത്. അഞ്ചുമുതല്‍ 10 വരെ കുട്ടികള്‍ക്കാണ് ഒരു സെന്ററില്‍ ഒരേസമയം പ്രവേശനം.