ഭിന്നശേഷിക്കാർക്ക് തൊഴിൽ കണ്ടെത്താനൊരു സ്റ്റാർട്ടപ്പ്; കോഴിക്കോടെ ഓഫീസിന്റെ സേവനങ്ങള്‍ തികച്ചും സൗജന്യം, വിശദാംശങ്ങള്‍ ചുവടെ


കോഴിക്കോട് : ശരീരം തളർന്നിട്ടും ആത്മധൈര്യത്തിന്റെ ബലത്തിൽ ഡൽഹിവരെ സ്വയം കാറോടിച്ച് ശ്രദ്ധേയനായ പ്രജിത് ജയപാൽ ഭിന്നശേഷിക്കാർക്ക് തൊഴിൽ കണ്ടെത്താൻ വ്യത്യസ്തമായ സ്റ്റാർട്ടപ്പുമായി രംഗത്ത്.

തൊഴിലുടമകളുമായി ബന്ധപ്പെടുത്തിക്കൊടുക്കുന്നത് മുതൽ അഭിമുഖത്തിന് തയാറാവാനും തൊഴിൽശേഷി മെച്ചപ്പെടുത്താനുമുള്ള പരിശീലനവുംവരെ പ്രജിത്തിന്റെ മാർഗ കരിയർ ആൻഡ് ജോബ് കൺസൾട്ടൻസി എന്ന സ്റ്റാർട്ടപ്പ് ചെയ്തുകൊടുക്കുന്നുണ്ട്. ഉദ്യോഗാർഥികൾക്ക് എല്ലാസേവനങ്ങളും സൗജന്യമാണ്. തൊഴിലുടമകൾ നൽകുന്ന ഫീസാണ് പ്രധാന വരുമാനം.

കിടപ്പുരോഗികളായ ഭിന്നശേഷിക്കാരായവരുടെ ബന്ധുക്കൾക്കും ഈ സേവനം ഉപയോഗപ്പെടുത്താം. സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെയാണ് പരിശീലനം. http://www.maargaa.com എന്ന വെബ്‌സൈറ്റിൽ പേര് രജിസ്റ്റർചെയ്താൽ മതി.

താമരശ്ശേരി സ്വദേശിയായ ഭിന്നശേഷിക്കാരന് കസ്റ്റമർകെയർ ഓഫീസറുടെ ജോലി നൽകിക്കൊണ്ട് തിങ്കളാഴ്ച സിവിൽസ്റ്റേഷന് സമീപം സറ്റാർട്ടപ്പിന്റെ പ്രവർത്തനത്തിന് തുടക്കമിട്ടു. കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്തു.

സി.ആർ.സി. ഡയറക്ടർ റോഷൻ ബിജിലി, ട്രോമ കെയർ മെന്റർ ജയന്ത്കുമാർ, റോട്ടറി ക്ലബ്ബ് കാലിക്കറ്റ് ബീച്ച് പ്രസിഡന്റ് ശോഭിത് ശേഖർ, ജെ.സി.ഐ. ഫറോക്ക് മെട്രോ പ്രതിനിധികളായ സജീഷ്, ബിനു, ടി.പി. ഫാസിൽ, ആദ്യജോലി നൽകിയ കാലിക്കറ്റ് ഇലക്‌ട്രിക്കൽ ഏജൻസീസ് ഉടമ സുജീഷ് നായർ, മാർഗ ചീഫ് കൺസൾട്ടന്റ് രാഹുൽ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.