ഭാഷ സംസ്‌കാരമാണ്, അതിൽ വിട്ടുവീഴ്ച പാടില്ലെന്ന് വി.ആര്‍. സുധീഷ്; ഭരണഭാഷാ വാരാഘോഷത്തിന് തുടക്കം


കോഴിക്കോട്: ഭാഷ തന്നെയാണ് സംസ്‌കാരം, അക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന് പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ വി.ആര്‍. സുധീഷ് അഭിപ്രായപ്പെട്ടു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാചരണത്തിന്റെയും ഉദ്ഘാടന വേദിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഭാഷയെ നിസ്സാരമായി കാണരുത്. കാലം ചെല്ലുന്തോറും വാക്കുകളില്‍ അക്ഷരങ്ങള്‍ ലോപിക്കുന്ന പ്രവണത ശരിയല്ല. അത് ഭാഷയെയും അതുവഴി സംസ്‌കാരത്തെയും ഇല്ലാതാക്കലാണ്. കഥാരചനയിലും കവിതാരചനയിലും ഉത്സാഹം പുലര്‍ത്തുന്ന യുവജനത അക്ഷരത്തെറ്റു വരുത്താതിരിക്കണമെന്ന് ചിന്തിക്കുന്നേയില്ല. അക്ഷരം മാറിയാല്‍ വാക്കുതന്നെ മാറുന്നു, അതുവഴി ആശയവും മാറും. അക്ഷരമാല പഠിപ്പിക്കാതെയുള്ള അധ്യയനരീതിയോട് യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പഠനരംഗത്തായാലും സാഹിത്യമേഖലയിലാണെങ്കിലും ഔദ്യോഗിക ജീവിതത്തിലാണെങ്കിലും മാതൃഭാഷയോട് പൂര്‍ണ്ണമായും കൂറു പുലര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ജില്ലാ കലക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്ഡി പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ സി.അയ്യപ്പന്‍ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി.മുഹമ്മദ് റഫീഖ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഷ്‌റഫ് കാവില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ദീപ, അസി. ഇൻഫർമേഷൻ ഓഫീസർ കെ.എസ്.സൗമ്യ തുടങ്ങിയവര്‍ സംസാരിച്ചു. ഡെപ്യൂട്ടി കലക്ടര്‍മാരായ അന്‍വര്‍ സാദത്ത്, ഷാമിന്‍ സെബാസ്റ്റ്യന്‍, കെ.ഹിമ, കലക്ടറേറ്റിലെ വിവിധ വകുപ്പ് ഉദ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വാരാചരണത്തിന്റെ ഭാഗമായി ജീവനക്കാര്‍ ഭരണഭാഷാ പ്രതിജ്ഞയെടുത്തു. ജില്ലാ കലക്ടര്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

ഭരണഭാഷാ വാരാചരണത്തിന് ഇതോടെ ജില്ലയില്‍ തുടക്കമായി. വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സാഹിത്യ രചനാ മത്സരങ്ങള്‍നടത്തും.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.