ഭാഷാ സമരം രാഷ്ട്രീയ കേരളത്തിന് വിസ്മരിക്കാനാവാത്ത അധ്യായം: പി.കെ ഫിറോസ്
മേപ്പയ്യൂർ: അറബി,ഉറുദു,സംസ്കൃതം ഭാഷാപഠനം കേരളീയ സ്കുളുകളിൽ നിന്ന് ഒഴിവാക്കുക എന്ന ഉദ്യേശത്തോടെ നായനാർ സർക്കാർ നടപ്പിലാക്കിയ കരിനിയമത്തിനെതിരെ നടന്ന ഭാഷാ സമരം രാഷ്ടീയ കേരളത്തിന് വിസ്മരിക്കാനാവാത്ത അധ്യായമാണെന്ന് മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന ജന:സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. മേപ്പയ്യൂർ പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ഭാഷാ സമര അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നായനാർ സർക്കാരിൻ്റെ ചെയ്തികളെപ്പോലെയുള്ള പ്രവർത്തനങ്ങളുമായിട്ടാണ് കേരളം ഭരിക്കുന്ന പിണറായി സർക്കാരും മുന്നോട്ട് പോവുന്നത്. സച്ചാർ സമിതി ശുപാർശകളെ തകിടം മറിക്കുന്ന രീതിയിൽ ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം വെട്ടി കുറച്ചത് ഇതിനുദാഹരണമാണ്. ഇത്തരം നയവുമായി സർക്കാർ മുന്നോട്ട് പോയാൽ ഭാഷാ സമരത്തെ അനുസ്മരിപ്പിക്കുംവിധമുള്ള പ്രക്ഷോഭ പരിപാടികളുമായി തെരുവിലിറങ്ങുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
മുസ് ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഷരീഫ് കുറ്റൂർ ഭാഷാ സമര അനുസ്മരണ പ്രഭാഷണം നടത്തി. മുഹമ്മദ് മണപ്പുറം അദ്ധ്യക്ഷത വഹിച്ചു. കെ ലബീബ് അഷ്റഫ് സ്വാഗതം പറഞ്ഞു. ടി.കെ.എ ലത്തീഫ്, എം.കെ അബ്ദുറഹിമാൻ , എം.എം അഷ്റഫ്, സയ്യിദ് അലി തങ്ങൾ പാലേരി, പി.സി മുഹമ്മദ് സിറാജ്, കെ.എം.എ അസീസ്, ഷർമിന കോമത്ത്, അജിനാസ് കാരയിൽ,അഷീദ നടുക്കാട്ടിൽ, സറീന ഒളോറ, റാബിയ എടത്തിക്കണ്ടി, കമ്മന അബ്ദുറഹിമാൻ, മുഹമ്മദ് ചാവട്ട്, വി.എം അഫ്സൽ എന്നിവർ സംസാരിച്ചു. കെ.കെ റഫീഖ് നന്ദി പറഞ്ഞു