ഭാഷയും, ധ്യാനവും മനനവുമാണ് ഗാന്ധിജിയുടെ രാഷ്ട്രീയം: കവി സച്ചിദാനന്ദന്‍


മേപ്പയ്യൂര്‍: ഭാഷയും, ധ്യാനവും, മനനവുമാണ് ഗാന്ധിജിയുടെ രാഷ്ട്രീയമെന്നും തൊഴിലിടങ്ങളിലെ ചര്‍ക്കയും അടുക്കളയിലെ ഉപ്പും സമര ചിഹ്നങ്ങളായി ഉയര്‍ത്തി അധ്വാനത്തെയും പെണ്‍മയെയും ഒരു പോലെ ചേര്‍ത്ത് പിടിച്ച സര്‍ഗ്ഗാത്മക കവിതയായിരുന്നു ഗാന്ധിയെന്ന് കവി സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. മേപ്പയ്യൂര്‍ ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സംഘടിപ്പിച്ച ഗാന്ധിയും കവിതയും കവിതയരങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയും, കോലായ വായനവേദിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഒരു പുസ്തകത്തിന്റെ മാന്ത്രിക സ്വാധീനം ഒരു വിദ്യാലയം ഗാന്ധിജിയുടെ ആത്മകഥ വായിക്കുന്നു എന്ന പരിപാടിയുടെ ഭാഗമായാണ് ഗാന്ധിയും കവിതയും കവിതയരങ്ങ് സംഘടിപ്പിച്ചത്. തയ്യല്‍ക്കാരന്‍ കിളി കൂട് കൂട്ടുന്നത് പോലെയാണ് കവിതയെഴുതുന്നത് എന്ന് പറഞ്ഞ കാറല്‍ മാക്‌സും കവികള്‍ നൂല്‍നൂറ്റ് കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞ ഗാന്ധിയും ഏറ്റവും സര്‍ഗ്ഗാത്മക രാഷ്ട്രീയത്തിന്റെ പ്രയോക്താക്കളായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തുടര്‍ന്ന് പ്രശസ്ത കവികളായ വീരാന്‍ കുട്ടി, പി രാമന്‍, ശിവദാസ് പുറമേരി, ഡോ സോമന്‍ കടലൂര്‍, ഗഫൂര്‍ കരുവണ്ണൂര്‍, എം പി അനസ്, ഷാജി പി.കെ, അതുല്യ പി എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയന്തി എന്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ പി ടി എ പ്രസിഡന്റ് ശ്രീ കെ രാജീവന്‍ അദ്ധ്യക്ഷത വഹിച്ചു. ഉണ്ണിക്കൃഷ്ണന്‍ വി പി ,നിഷിത് എം, പ്രമോദ് കുമാര്‍ ടി.കെ, സുധീഷ് കുമാര്‍ കെ, സുബാഷ് കുമാര്‍ എ , ദിനേശ് പാഞ്ചേരി, ഇ ഗീത എന്നിവര്‍ പങ്കെടുത്ത പരിപാടിയില്‍ കുമാരി കൗമുദി കളരിക്കണ്ടി അവതാരകയായി. വിദ്യാരംഗം കണ്‍വീനര്‍ മുഹമ്മദ് എം.കെ നന്ദി പറഞ്ഞു.