ഭാര്യ സഹോദരന്റെ പ്രണയ വിവാഹത്തിന് പിന്തുണ നല്‍കി; കേഴിക്കോട് സിപിഐ പ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം
കോഴിക്കോട്: പ്രണയ വിവാഹത്തിന് പിന്തുണ നല്‍കിയതിന് കോഴിക്കോട് സിപിഐ നേതാവിന് നേരെ ആക്രമണം. വെള്ളിമാടുക്കുന്ന് ബ്രാഞ്ച് അംഗം കയ്യാലത്തോടി റിനീഷിന് നേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച്ച രാത്രിയായിരുന്നു സംഭവം. ആക്രമണത്തില്‍ പരുക്കേറ്റ റിനീഷ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഭാര്യ സഹോദരന്‍ സ്വരൂപിന്റെ പ്രണയ വിവാഹത്തിന് പിന്തുണ നല്‍കിയതാണ് ആക്രമണത്തിന് കാരണമെന്ന് റിനീഷ് ആരോപിച്ചു. സ്വരൂപിന്റെ ഭാര്യയുടെ മാതാപിതാക്കളുടെ അറിവോടെയാണ് ആക്രമണം നടന്നത്. അക്രമികള്‍ ഇവരുടെ പേര് പറഞ്ഞതായും റിനീഷ് പരാതിയില്‍ പറഞ്ഞു. ഇതിന് മുമ്പും തനിക്ക് സമീനമായ ഭീഷണികള്‍ ഉണ്ടായിരുന്നതായും റിനീഷ് വ്യക്തമാക്കി.
റിനീഷിന്റെ വീടിന് സമീപത്ത് എത്തിയാണ് പ്രതികള്‍ ആക്രമണം നടത്തിയത്. രാത്രി കോവൂരിലെ ടെക്‌സ്‌റ്റൈല്‍ ഷോപ്പ് അടച്ച് വീട്ടിലേക്ക് വരുകയായിരുന്ന റിനീഷിനെ പേര് ചോദിച്ചതിന് ശേഷം ഹെല്‍മെറ്റ് ഊരാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിക്കുകയുമായിരുന്നു. റിനീഷിന്റെ കൈയ്ക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. ശബ്ദ കേട്ട് ബന്ധുക്കള്‍ എത്തിയപ്പോള്‍ അക്രമികള്‍ ഓടി രക്ഷപ്പെട്ടു.
തലയ്ക്ക് 21 തുന്നലുകളും കൈയ്ക്ക് സാരമായ പരുക്കുമുണ്ട്. പ്രതികള്‍ക്കെതിരെ വധശ്രമിത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവും ശക്തമായിട്ടുണ്ട്. വിഷയത്തില്‍ സിപിഐ ബ്രാഞ്ച് കമ്മിറ്റി അംഗത്തിന് നേരേ നടന്ന ആക്രമണത്തില്‍ സിപിഐ ചേവായൂര്‍ ലോക്കല്‍ കമ്മിറ്റിയും നോര്‍ത്ത് മണ്ഡലം കമ്മിറ്റിയും പ്രതിഷേധിച്ചു.