ഭാര്യവീട്ടുകാരുടെ സഹായത്തോടെ കേരളത്തിലേക്ക് സ്ഥിരമായി കഞ്ചാവ് കടത്ത്; വടകരയിൽ യുവാവ് അറസ്റ്റിൽ
വടകര: അന്തർ സംസ്ഥാന കഞ്ചാവ് കടത്തുകാരനെ പിടികൂടി. മേപ്പയിൽ പുതിയാപ്പ് കല്ലുനിര പറമ്പത്ത് പ്രദീപിനെയാണ് വടകര പോലീസും ജില്ലാ പോലീസ് മേധാവിയുടെ ഡൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്. ശനിയാഴ്ച രാവിലെയോടെ പ്രതിയുടെ വീട് റെയിഡ് ചെയ്താണ് പ്രതിയെ പിടികൂടിയത്. 1700 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
ഒറീസയിൽ നിന്നും വിവാഹം കഴിച്ച പ്രദീപ് ഭാര്യവീട്ടുകാരുടെ സഹായത്തോടെ സ്ഥിരമായി കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നുണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പ്രതിയുടെ യാത്രാവിവരങ്ങളും മറ്റും ശേഖരിച്ച് ഡൻസാഫ് സ്ക്വാഡ് അംഗങ്ങൾ മാസങ്ങളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.
ഇന്ന് പുലർച്ചെ ട്രെയിനിൽ വന്ന പ്രതി വീട്ടിലെത്തിയ ഉടനെ പോലീസ് എത്തി പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ നേരത്തെ ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ കഞ്ചാവ് കൈവശം വച്ചതിനും വടകര പോലീസ് സ്റ്റേഷനിൽ അടിപിടി കേസുകളും ഉണ്ട് . ഒറീസയിൽ നിന്നും വീട്ടിലെത്തിക്കുന്ന മയക്കുമരുന്ന് നാട്ടിലെ ചില്ലറ വില്പനക്കാർക്ക് എത്തിക്കുകയാണ് പ്രതി ചെയ്തു വരുന്നത്.
വടകര പോലീസ് സ്റ്റേഷനിലെ എസ്.ഐ രവി , കെ.എം റിനീഷ്, ശ്രീലേഷ്,അനീഷ്, ഡൻസാഫ് സ്ക്വാഡിലെ എസ് ഐ മാരായ രാജീവ്ബാബു, സുരേഷ്, സീനിയർ സി.പി. ഒ മാരായ വി.വി ഷാജി, വി.സി ബിനീഷ്, അനിൽകുമാർ ദീപക് എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.