ഭാര്യയുടെ ശരീരം ഭര്‍ത്താവിന് അവകാശപ്പെട്ടതല്ല, സമ്മതമല്ലാത്ത ലൈംഗികബന്ധം ബലാത്സംഗം; ഹൈക്കോടതി


കൊച്ചി: ഭാര്യയുടെ ശരീരം ഭര്‍ത്താവിന് ഉടമസ്ഥതയുള്ളതാണെന്ന വിധത്തില്‍ പെരുമാറുന്നത് ലൈംഗിക അതിക്രമം തന്നെയാണെന്ന് ഹൈക്കോടതി. ഇതു വൈവാഹിക ബലാത്സംഗമാണെന്നു വിലയിരുത്തിയ കോടതി വിവാഹ മോചനം അനുവദിക്കാന്‍ മതിയായ കാരണമാണെന്നും വ്യക്തമാക്കി.

ഭര്‍ത്താവ് തന്നോടു ക്രൂരമായി പെരുമാറുന്നുവെന്നു ചൂണ്ടിക്കാട്ടി യുവതി നല്‍കിയ വിവാഹമോചന ഹര്‍ജി അനുവദിച്ച കുടുംബ കോടതി വിധിക്കെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീല്‍ ആണ് ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖും കൗസര്‍ എടപ്പഗത്തും പരിഗണിച്ചത്. സെക്‌സിനോടും ധനത്തിനോടുമുള്ള ഭര്‍ത്താവിന്റെ ഒടുങ്ങാത്ത ആര്‍ത്തി മൂലമാണ് യുവതി വിവാഹമോചനത്തിനു തീരുമാനമെടുത്തതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

വിഷയാസക്തിയും വഷളത്തവും നിറഞ്ഞ ഭര്‍ത്താവിന്റെ പെരുമാറ്റം സാധാരണ ദാമ്ബത്യ ജീവിതമായി കണക്കാക്കാനാവില്ല. സെക്‌സിനോടുള്ള ഒടുങ്ങാത്ത ആര്‍ത്തി ക്രൂരത തന്നെയാണെന്ന്, അപ്പീല്‍ തള്ളിക്കൊണ്ടു കോടതി പറഞ്ഞു.

വ്യക്തികള്‍ക്കു സ്വന്തം ശരീരത്തിനുമേലുള്ള സ്വകാര്യതാ അവകാശം അമൂല്യമാണ്. അതിനു മേലുള്ള ഏതു കടന്നുകയറ്റവും ആ സ്വകാര്യതയെ ലംഘിക്കലാണ്. അതു ക്രൂരത തന്നെയാണ്. വൈവാഹിക ബലാത്സംഗം ശിക്ഷിക്കാവുന്ന കുറ്റമായി നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍പ്പോലും അതിന്റെ പേരില്‍ വിവാഹ മോചനം അനുവദിക്കാമെന്ന് കോടതി വിലയിരുത്തി.

വൈവാഹിക ബന്ധം ആത്യന്തികമായി സംതൃപ്തിയുമായി ബന്ധപ്പെട്ടതാണെന്ന് കോടതി പറഞ്ഞു. സൗഹാര്‍ദമായ അന്തരീക്ഷമുണ്ടാവുമ്ബോള്‍ ആ സംതൃപ്തിയുണ്ടാവും. അത് പരസ്പര ബഹുമാനത്തിലൂടെയും വിശ്വാസത്തിലൂടെയും വരുന്നതാണെന്ന് കോടതി പറഞ്ഞു. ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള അടുപ്പത്തിന്റെ പ്രതിഫലനമാണ് സെക്‌സ്. ഇവിടെ പരാതിക്കാരി എല്ലാ തരത്തിലുമുള്ള ലൈംഗിക വൈകൃതത്തിനും ഇരയായി. ഇത്തരം സഹനം വേണ്ടെന്നു വയ്ക്കാനുള്ള അവകാശം ഭരണഘടന ഓരോരുത്തര്‍ക്കും നല്‍കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹ മോചനം നിഷേധിച്ചുകൊണ്ട് ഇത്തരം സഹനത്തിലേക്ക് ഒരാളെ തള്ളിവിടാന്‍ കോടതിക്കാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.