ഭര്‍ത്താവ് മരിച്ചത് എട്ട് മാസം മുമ്പ്, മാനസികമായി തകര്‍ന്നിരുന്നുവെന്ന് പരിചയക്കാര്‍; മുളിയങ്ങലില്‍ രണ്ട് മക്കളെയും കൊണ്ട് അമ്മ മരണം വരിച്ചത് എന്തിനെന്നറിയാതെ നാട്ടുകാര്‍
പേരാമ്പ്ര: ഒരാള്‍ക്ക് പതിമൂന്നു വയസും രണ്ടാമത്തെയാള്‍ക്ക് നാല് വയസും. ഇതായിരുന്നു ഇന്ന് രാവിലെ മുളിയങ്ങലില്‍ അമ്മയോടൊപ്പം എരിഞ്ഞു മരിച്ച രണ്ട് പെണ്‍കുട്ടികളുടെയും പ്രായം. ശരീരത്തില്‍ തീ പടര്‍ന്ന് പൊള്ളലേറ്റ് ഉറക്കെ നിലവിളിക്കുമ്പോഴും അവര്‍ അറിഞ്ഞിട്ടുണ്ടാകില്ല, എന്തിനാണ് തങ്ങളെയും കൊണ്ട് അമ്മ ഈ ലോകത്തോട് വിട പറയാന്‍ തീരുമാനിച്ചത് എന്ന്.
അയല്‍വാസികള്‍ക്കും നാട്ടുകാര്‍ക്കുമൊന്നും ഇതുവരെ നടുക്കം വിട്ടുമാറിയിട്ടില്ല. ഇന്നലെ വരെ തങ്ങള്‍ക്ക് മുന്നില്‍ ചിരിച്ച് കളിച്ചുകൊണ്ട് പാറിപ്പറന്ന് നടന്ന രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ ഒരു രാത്രി പുലര്‍ന്നപ്പോള്‍ വെന്തുമരിച്ചു എന്ന അതീവ ദുഃഖകരമായ വാര്‍ത്തയാണ് അവരെ തേടിയെത്തിയത്.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഈ പെണ്‍കുട്ടികളുടെ അമ്മയായ പ്രിയ സ്വന്തം പെണ്‍മക്കളെയും കൊണ്ട് ജീവനൊടുക്കിയത്. ഭര്‍ത്താവിന്റെ അമ്മ മാത്രമായിരുന്നു അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. കുട്ടികള്‍ ആര്‍ത്തലയ്ക്കുന്ന ശബ്ദം കേട്ടാണ് അവര്‍ ഓടിയെത്തിയത്. പേരക്കുട്ടികളും അവരുടെ അമ്മയും കത്തിയമരുന്ന ഹൃദയഭേദകമായ കാഴ്ചയ്ക്കാണ് അവര്‍ക്ക് സാക്ഷിയാകേണ്ടി വന്നത്.
മൂന്നു പേരെയും രക്ഷിക്കാനായി അവര്‍ ഉടന്‍ സമീപവാസികളെ വിളിച്ചുകൂട്ടി. നാട്ടുകാരെത്തി തീ അണച്ച് ഉടന്‍ തന്നെ മൂന്ന് പേരെയും ആശുപത്രിയിലേക്ക് കൊണ്ടു പോയി. ആശുപത്രിയിലെത്തുമ്പോഴും മൂന്ന് പേര്‍ക്കും ജീവനുണ്ടായിരുന്നു. എന്നാല്‍ അതീവ ഗുരുതരമായ പൊള്ളലേറ്റ നിലയിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും മൂന്ന് പേരെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഓരോ ഇതളുകളായി കൊഴിയുന്നത് നോക്കി നില്‍ക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ.
ഇളയ പെണ്‍കുഞ്ഞ് നാലുവയസുകാരി നിവേദിതയാണ് ആദ്യം പോയത്. പിന്നാലെ 13 വയസുള്ള പുണ്യതീര്‍ത്ഥയും യാത്രയായി. ഒടുവില്‍ രാവിലെയോടെ അമ്മ പ്രിയയുടെ മരണവും സ്ഥിരീകരിച്ചു. തൊണ്ണൂറ് ശതമാനത്തോളം പൊള്ളലേറ്റ നിലയിലായിരുന്നു ഇവര്‍ എന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം.
എന്തിനാണ് പ്രിയ ഈ കൃത്യം ചെയ്തത് എന്ന് ഇതുവരെ ആര്‍ക്കും അറിയില്ല. ആത്മഹത്യാക്കുറിപ്പോ കാരണത്തിലേക്ക് സൂചന നല്‍കുന്ന മറ്റെന്തെങ്കിലുമോ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നാണ് പേരാമ്പ്ര പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
പ്രിയയുടെ ഭര്‍ത്താവ് പ്രകാശന്‍ എട്ട് മാസം മുമ്പാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഇതിന് ശേഷം പ്രിയ മാനസികമായി തകര്‍ന്നിരുന്നു എന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. ഇതിനാല്‍ തന്നെ അവര്‍ക്ക് ജോലിക്ക് പോകാന്‍ സാധിച്ചിരുന്നില്ല. ഇക്കാരണങ്ങള്‍ക്കൊപ്പം സാമ്പത്തിക പരാധീനതകളുമാകാം പ്രിയയെ കൊണ്ട് ഈ കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക എന്നാണ് അനുമാനം.
എന്നാല്‍ യഥാര്‍ത്ഥ കാരണം എന്താണ് എന്നറിയാന്‍ പൊലീസ് അന്വേഷണം അവസാനിക്കണം. പേരാമ്പ്ര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ അവസാനഘട്ടത്തിലാണ് എന്നാണ് ലഭിക്കുന്ന വിവരം. സംഭവം നടന്ന സ്ഥലത്ത് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തുകയാണ് എന്ന് പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.