ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിക്കുന്നതിനെ അനുകൂലിച്ച് കേരളത്തിലെ 52 ശതമാനം സ്ത്രീകള്‍: എന്‍.എഫ്.എച്ച്.എസ് സര്‍വ്വേയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്


തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്നുള്ള ആത്മഹത്യകള്‍ വര്‍ധിച്ചുവരുമ്പോഴും ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിക്കുന്നതില്‍ തെറ്റില്ലെന്ന് കേരളത്തിലെ 52% സ്ത്രീകള്‍. ദേശീയ കുടുംബാരോഗ്യ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഈ കണ്ടെത്തല്‍.

ഭാര്യയെ മര്‍ദ്ദിക്കുന്നതിനെ ന്യായീകരിക്കാവുന്ന ചില സാഹചര്യങ്ങളും സര്‍വ്വേ മുന്നോട്ടുവെക്കുന്നുണ്ട്. ഭാര്യ വിശ്വാസവഞ്ചന കാണിച്ചെന്ന സംശയമുണ്ടായാല്‍, ഭര്‍ത്താവിന്റെ ബന്ധുക്കളോട് മോശമായി പെരുമാറിയാല്‍, ഭര്‍ത്താവുമായി വഴക്കുണ്ടാക്കിയാല്‍, ലൈംഗികബന്ധത്തിന് വിസമ്മതിച്ചാല്‍, ഭര്‍ത്താവിനോട് പറയാതെ പുറത്തുപോയാല്‍, വീട്ടുകാര്യങ്ങളോ കുട്ടികളുടെ കാര്യങ്ങളോ നോക്കാതിരുന്നാല്‍, നന്നായി ഭക്ഷണം പാകം ചെയ്യാതിരുന്നാല്‍ ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിക്കുന്നതില്‍ തെറ്റില്ലെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം സ്ത്രീകളും അഭിപ്രായപ്പെട്ടത്.

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമുള്‍പ്പെടെ 18 ഇടങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍ പതിനാലിടത്തും 30 ശതമാനത്തിലേറെ സ്ത്രീകളും മേല്‍പ്പറഞ്ഞ സാഹചര്യങ്ങളില്‍ ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിക്കുന്നത് നീതീകരിക്കാമെന്നാണ് അഭിപ്രായപ്പെട്ടത്. അതേസമയം പുരുഷന്മാരില്‍ കുറച്ചുപേര്‍ മാത്രമാണ് ഇതില്‍ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ടത്.

തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമാണ് ഏറ്റവുമധികം സ്ത്രീകള്‍ ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിക്കുന്നതില്‍ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ടത്. ഇവിടെ 84 ശതമാനം പേരും ഈ അഭിപ്രായക്കാരാണ്. കര്‍ണാടകയാണ് ഇതിന് തൊട്ടുപിന്നില്‍. 77% ശതമാനം സ്ത്രീകളാണ് കര്‍ണാടകയില്‍ ഈ അഭിപ്രായത്തെ പിന്തുണച്ചത്.