ഭരണനിര്‍വഹണത്തില്‍ ഇന്ത്യയിലെ നമ്പര്‍ വണ്‍ സംസ്ഥാനമായി കേരളം; ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ്


ന്യൂഡല്‍ഹി: രാജ്യത്തെ ഭരണനിര്‍വഹണം പരിശോധിക്കുന്ന പൊതുകാര്യ സൂചികയില്‍ (പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്‌സ്) കേരളം ഒന്നാമത്. പതിനെട്ട് സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തിയുള്ള പട്ടികയില്‍ ഉത്തര്‍പ്രദേശാണ് ഏറ്റവും പിന്നില്‍.

ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ പബ്ലിക് അഫയേഴ്‌സ് സെന്ററാണ് 2020-21 വര്‍ഷത്തെ സൂചിക പുറത്തുവിട്ടത്. സമത്വം, വളര്‍ച്ച, സുസ്ഥിരത എന്നീ മൂന്നുകാര്യങ്ങള്‍ പരിഗണിച്ചാണ് സൂചിക തയ്യാറാക്കിയത്. തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ ആരോഗ്യ പരിപാടി, സംയോജി ശിശു വികസന പദ്ധതി, സമഗ്ര ശിക്ഷാ അഭിയാന്‍, ഉച്ചഭക്ഷണ പദ്ധതി എന്നീ അഞ്ച് കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ സംസ്ഥാനങ്ങളുടെ പ്രകടനവും പി.എ.ഐ മാനദണ്ഡമാക്കിയിട്ടുണ്ട്. കൂടാതെ കോവിഡ് മഹാമാരി കാലത്തെ പ്രകടനവും വിലയിരുത്തി.

1.618 ആണ് മൊത്തം പ്രകടനത്തില്‍ കേരളം കരസ്ഥമാക്കിയ സ്‌കോര്‍. തമിഴ്‌നാട് 0.897 പോയിന്റുകളും മൂന്നാം സ്ഥാനത്തുള്ള തെലങ്കാന 0.891 പോയിന്റുകളും നേടി. -1.418 ആണ് ഉത്തര്‍പ്രദേശിന്റെ സ്‌കോര്‍.