ബ്ലാക്ക് ഫംഗസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്നയാള്‍ മരിച്ചു


മലപ്പുറം : സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടിയാണ് മരിച്ചത്. എഴുപത്തിയഞ്ച് വയസ്സായിരുന്നു.

സെപ്റ്റംബര്‍ 16ന് അദ്ദേഹം കോവിഡ് നെഗറ്റീവായിരുന്നു. കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. ചികില്‍സയ്ക്കിടെയാണ് ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തുന്നത്.

തുടര്‍ന്ന് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം ഉണ്ടാകുന്നത്. ഇന്നലെ എറണാകുളത്തും രോഗബാധ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഉദയംപേരൂര്‍ സ്വദേശിയായ സ്ത്രീയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

മ്യൂക്കോര്‍മൊക്കോസിസ് എന്നാണ് ബ്ലാക്ക് ഫംഗസ് രോഗത്തിന്റെ ശരിയായ പേര്. മൂക്കറൈല്‍സ് വിഭാഗത്തില്‍പ്പെട്ട ഫംഗസാണ് രോഗബാധയ്ക്ക് കാരണം. രക്തക്കുഴലിനെയാണ് ഈ രോഗാണു ബാധിക്കുന്നത്.

ഇത് രക്തക്കുഴലില്‍ പ്രവേശിച്ച് തടസം സൃഷ്ടിക്കുകയും രക്തയോട്ടം നിലപ്പിക്കുകയും രക്തക്കുഴലിന്റെ ആ ഭാഗം നിര്‍ജീവമാക്കുകയും ചെയ്യുന്നു. ഇതുകാരണം ആ ഭാഗത്തിന് കറുത്തനിറമാകുന്നു.