ബ്രാണ്ടി വാങ്ങാൻ ബീവറേജിൽ വന്നപ്പോ കൊട്ടും കൊരവയും, കുടിയമ്മാരൊക്കെ ആദ്യം ഞെട്ടി: പിന്നെ ഗംഭീര ആഘോഷം, ഈ വൈറൽ കല്യാണത്തിന്റെ കഥ നാട്ടിൽ പാട്ടാണ്


കോഴിക്കോട്: കൊട്ടും കുരവുയും പതിനാറ് കൂട്ടം സദ്യയുമായുള്ള കല്യാണമൊക്കെ മലയാളി മറന്ന് പോയിരിക്കുന്നു. കൊവിഡും അതിന് പിന്നാലെ ലോക്ക്ഡൗണും വന്നതോടെയാണ് ചടങ്ങുകള്‍ക്കെല്ലാം നിയന്ത്രണ മേര്‍പ്പെടുത്തിയത്. കൊവിഡിന് ആള്‍ക്കൂട്ടം പാടില്ലെന്നും ആളുകള്‍ കൂടിയാല്‍ കേസെടുക്കുമെന്നും പറഞ്ഞതോടെ ചടങ്ങുകളെല്ലാം പിന്നീട് ആഘോഷമായി നടത്താമെന്ന് പറഞ്ഞ് മാറ്റിവച്ചവരും നമ്മുടെ നാട്ടിലുണ്ട്.

എന്നാല്‍, കോഴിക്കോട് ഒരു കല്യാണം നടന്നിട്ടുണ്ട്. കാര്യം അത്ര നിസ്സാരമല്ല, കുറച്ച് സീരിയസ് ആണ്. ബീവറേജ് ഔട്ട്‌ലെറ്റുകള്‍ തുറന്നതോടെ മദ്യവില്പന കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ജനങ്ങള്‍ തടിച്ച് കൂടിയിരിക്കുകയാണ്. ഇതോടെയാണ് ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. മദ്യം വാങ്ങാന്‍ ആളുകള്‍ തടിച്ചുകൂടുമ്പോളും ഭക്ഷണവിതരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സരോവരം ബിവറേജ് ഔട്ട്‌ലെറ്റിന് മുന്നില്‍ വിവാഹം കഴിച്ച് സമരം നടത്തിയത്

രാമനാട്ടുകര സ്വദേശി പ്രമോദ്, പന്തീരാങ്കാവ് സ്വദേശി ധന്യ എന്നിവര്‍ പ്രതീകാത്മകമായി വിവാഹം കഴിച്ചു. എം.കെ രാഘവന്‍ എം.പി മുഖ്യകാര്‍മികനായി. ആള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്‌റ് ജാഫര്‍ സാദ്ധിഖ് അധ്യക്ഷത വഹിച്ചു