ബൈക്ക് മോഷ്ടാക്കള്‍ പിടിയില്‍; മോഷണക്കേസില്‍ കുടുങ്ങിയത് പ്രായപൂര്‍ത്തിയാകാത്ത നാലു പേര്‍


കോഴിക്കോട്: ബൈക്ക് മോഷ്ടിക്കുന്ന സംഘത്തിലെ നാലു പേര്‍ പിടിയിലായി. പ്രായപൂര്‍ത്തിയാകാത്ത നാലുപേരെയും 12 ബൈക്കുകളും മെഡിക്കല്‍ കോളേജ് പോലീസ് വിദഗ്ധമായി പിടിച്ചെടുത്തു. ഒന്നര വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ കോളേജ്, ചേവായൂര്‍, ഫറോക്ക് പോലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയില്‍പ്പെട്ട പ്രദേശത്തുനിന്നും മോഷണം പോയ 30-ഓളം ബൈക്കുകളില്‍ 12 എണ്ണമാണ് മെഡിക്കല്‍ കോളേജ് പോലീസ് പിടിച്ചെടുത്തത്.

സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ നാലുപേര്‍ അടങ്ങിയ സംഘത്തെപ്പറ്റി സൂചന ലഭിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയുമായിരുന്നു. മോഷ്ടിച്ച ചില ബൈക്കുകള്‍ പൊളിച്ച് ആക്രിക്കടയില്‍ വിറ്റതായും കണ്ടെത്തിയിട്ടുണ്ട്. 17 വയസ്സ് പ്രായമുള്ള നാലുപേരെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കിയശേഷം രക്ഷിതാക്കളൊടൊപ്പം വിട്ടയച്ചു. ഒരു മാസത്തിനുള്ളില്‍ കൗണ്‍സലിങ് നല്‍കുമെന്ന് പോലീസ് അറിയിച്ചു.

മെഡിക്കല്‍കോളേജ് അസി. കമ്മിഷണര്‍ എന്‍. മുരളീധരന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ബെന്നി ലാലുവിന്റെയും എസ്.ഐ.ടോണി.ജെ.മറ്റത്തിന്റെയും മേല്‍നോട്ടത്തില്‍ മെഡിക്കല്‍കോളേജ് എസ്.ഐ.മാരായ ടി.എം.വിപിന്‍, പി.കെ.ജ്യോതി, എ.എസ്.ഐ. ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് ബൈക്കുകള്‍ പിടിച്ചെടുത്തത്. സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍, രാരിഷ്, സനിത്ത് എന്നിവരും പോലീസ്സംഘത്തിലുണ്ടായിരുന്നു.