ബൈക്ക് പാലത്തില്‍ ഇടിച്ച് തോട്ടിലേക്ക് തെറിച്ചുവീണ യുവാവ് മരിച്ചു; രാത്രി നടന്ന അപകടവിവരം പുറത്തറിഞ്ഞത് രാവിലെ


കോട്ടയം: കോട്ടയത്ത് അപകടത്തില്‍പ്പെട്ട ബൈക്കില്‍ നിന്നും തെറിച്ച് തോട്ടില്‍ വീണ് യുവാവ് മരിച്ചു. മണര്‍കാട് കാവുംപടി തെക്കുംകുന്നേല്‍ അരവിന്ദ് ടി.സി (22) ആണ് മരിച്ചത്. കോട്ടയം മണര്‍കാടിന് സമീപം മാലത്ത് ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. എന്നാല്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായ വിവരം പുറത്തറിഞ്ഞത്.

മാലം ജംഗ്ഷനിലെ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് ബൈക്ക് മറിയുകയായിരുന്നു. യുവാവ് പത്തടി താഴെയുള്ള തോട്ടിലേക്ക് വീണു. എന്നാല്‍ ഇക്കാര്യം ആരും അറിഞ്ഞില്ല. രാവിലെ നടത്തിയ തിരച്ചിലിന് ഒടുവിലാണ് അരവിന്ദിന്റെ മൃതദേഹം തോട്ടില്‍ നിന്നും കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.