അപകടത്തില്‍ പരിക്കേറ്റയാളെ ശരീരത്തോട് ചേര്‍ത്ത് കെട്ടി ആശുപത്രിയിലെത്തിച്ചു; ഇരിങ്ങത്ത് സ്വദേശിയായ യുവാവിന്റെ ധീര പ്രവൃത്തിക്ക് അനുമോദനം


മേപ്പയ്യൂര്‍: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്നയാളെ സമയോചിതമായി ഇടപെട്ട് ആശുപത്രിയില്‍ എത്തിച്ച യുവാവിന്റെ ധീര പ്രവര്‍ത്തനത്തെ അനുമോദിച്ചു. ഇരിങ്ങത്ത് സ്വദേശി സി.കെ വിപിനെയാണ് ഇരിങ്ങത്ത് വനിതാ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചത്.

ബൈക്കില്‍ കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് ബൈക്ക് യാത്രികനായ ഇല്ലത്ത് മീത്തല്‍ സന്തോഷ് റോഡില്‍ തെറിച്ച് വീഴുകയായിരുന്നു. നവംബര്‍ 21ന് രാത്രി 11 മണിക്ക് മഞ്ഞക്കുളം പെട്രോള്‍ പമ്പിന് സമീപത്ത് വച്ചാണ് അപകടം നടന്നത്. എന്നാല്‍ അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. ഈ സമയം അതുവഴി കടന്ന് പോയ വിപിന്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്ന സന്തോഷിനെ കാണുകയും ബൈക്കില്‍ തന്റെ ശരീരത്തോടൊപ്പം ചേര്‍ത്ത് വച്ച് കെട്ടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിപിന്റെ അവസരോചിതമായ ഇടപെടലിലാണ് സന്തോഷിന്റെ ജീവന്‍ രക്ഷിക്കാനായത്.

അനുമോദന പരിപാടി തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരീഷ് ഉല്‍ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ശ്യാമ ഓടയില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടില്‍ ഉപഹാര സമര്‍പ്പണം നടത്തി. അനിത ചാമക്കാലയില്‍, കെ.എം.ആതിരാ പ്രമീഷ്, രത്‌ന കൂത്തിലാം വീട്ടില്‍, വി.രജനി, ബബിത കണ്ണമ്പത്ത്, വള്ളില്‍ പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.