ബൈക്കില്‍ മത്സരയോട്ടം, ഇടയില്‍ സെല്‍ഫി; നിയന്ത്രണം വിട്ട ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ടായി മുറിഞ്ഞു; കൊട്ടാരക്കരയില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്ക് (വീഡിയോ കാണാം)


കൊട്ടാരക്കര: മത്സരയോട്ടത്തിനിടെ ബൈക്ക് അപകടത്തില്‍പ്പെട്ട് കൊട്ടാരക്കരയില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം.

എം.സി റോഡില്‍ മത്സരയോട്ടവും അഭ്യാസപ്രകടവുമായി പോയ നാലു ബൈക്കുകളിലൊന്നാണ് അപകടത്തില്‍പ്പെട്ടത്. ആയൂരില്‍ നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്നു യുവാക്കള്‍. പൊലികോടിന് സമീപമെത്തിയപ്പോള്‍ ആദ്യം പോയ ബൈക്കിലെ യുവാവ് പിന്നാലെ വന്ന ബൈക്കിലെ യുവാക്കള്‍ക്കൊപ്പം ഓട്ടത്തിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചു. ഇതോടെ നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന ബുള്ളറ്റില്‍ ഇടിച്ചു തെറിപ്പിച്ചശേഷം റോഡിന്റെ വശത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിനെയും ഇടിച്ചു തകര്‍ത്തു.

തുടര്‍ന്ന് റോഡരികിലെ കടയ്ക്ക് മുന്നില്‍വെച്ചിരുന്ന അര്‍ബാന പോലുള്ള ഉപകരണങ്ങളില്‍ തട്ടി ബൈക്ക് രണ്ടായി ഒടിഞ്ഞു. അപകടത്തില്‍ ബുള്ളറ്റ് യാത്രികനായ 24കാരന്‍ അശ്വന്ത് കൃഷ്ണന്റെ കാലിന് ഗുരുതര പരിക്കേറ്റു. അശ്വന്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന് കാരണമായ ബൈക്ക് ഓടിച്ച പത്തനംതിട്ട സ്വദേശി ആരോമല്‍ (19)നും പരിക്കുണ്ട്. ആരോമലും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

വീഡിയോ കാണാം: