ബേപ്പൂരിൽ നിന്ന് പോയ ഉരു ലക്ഷദ്വീപിനു സമീപം തകർന്നു; ജീവനക്കാരെ രക്ഷപ്പെടുത്തി
ബേപ്പൂർ: ബേപ്പൂർ തുറമുഖത്തുനിന്ന് ചരക്കുമായി ലക്ഷദ്വീപിലേക്ക്‌പോയ ‘എസ്.വി.മഹാലക്ഷ്മി’ എന്ന ഉരു അഗത്തി ദ്വീപിന് സമീപം കടലിൽ തകർന്നു. കടലിലെ പാറക്കല്ലിൽ ഇടിച്ചുതകർന്ന ഉരുവിലെ ചരക്ക് ഭാഗികമായി അഗത്തിജെട്ടിക്ക് സമീപം സ്രാങ്കും ജീവനക്കാരും ചേർന്ന് എത്തിച്ചു. തമിഴ്‌നാട്ടിലെ ആർ.ശിവശങ്കറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഉരു.
ഉരുവിലുണ്ടായിരുന്ന സ്രാങ്ക് ഉൾപ്പെടെ ഒമ്പതുജീവനക്കാരും രക്ഷപ്പെട്ടത് കോസ്റ്റ്‌ഗാർഡും ലക്ഷദ്വീപ്‌പോർട്ട് അധികൃതരും മുങ്ങൽവിദഗ്‌ധരും ചേർന്ന് നടത്തിയ സന്ദർഭോചിതമായ രക്ഷാപ്രവർത്തനംമൂലമാണ്.
കടലൂർ സ്വദേശികളായ സ്രാങ്ക് മാരിമുത്തു (55), രഞ്ജിത്ത് (45), ശങ്കർ (56), നാഗലിംഗം (62), വേലു (44), ശക്തിവേൽ (40), ചക്രപാണി (46), ഉദയൻ (35) എന്നിവരും ഗുജറാത്ത് ജാംനഗർ സ്വദേശി മുഹമ്മദ് സമീറുമാണ് (42) രക്ഷപ്പെട്ട ജീവനക്കാർ.
ഇവരെ കൊച്ചി തുറമുഖത്തെക്കോ, ബേപ്പൂർ തുറമുഖത്തെക്കോ എത്തിക്കാൻ അധികൃതർ നടപടി സ്വീകരിച്ചുവരുകയാണ്.