ബെവ്‌കോയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം; നാളെ മുതല്‍ രാവിലെ പത്ത് മുതല്‍ രാത്രി ഒമ്പത് വരെ തുറന്ന് പ്രവര്‍ത്തിക്കും


കോഴിക്കോട്: ബെവ്‌കോയുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ചു. മുന്‍പ് പ്രവര്‍ത്തിക്കും പോലെ രാവിലെ 10 മുതല്‍ രാത്രി 9 വരെ തുറന്നു പ്രവര്‍ത്തിക്കാം. കൂടുതല്‍ ഇളവുകള്‍ അനുവദിച്ച സാഹചര്യത്തിലാണ് തീരുമാനം. നാളെ മുതല്‍ പുതിയ സമയക്രമീകരണത്തില്‍ പ്രവര്‍ത്തിക്കാം.

ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്തിയതോടെ ബെവ്‌കോ ഒട്ട്‌ലെറ്റുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയിരുന്നു. രാവിലെ ഒന്‍പത് മണി മുതല്‍ രാത്രി ഏഴ് മണി വരെ പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിരുന്നത്. ഈ പ്രവര്‍ത്തന സമയത്തിനാണ് നിലവില്‍ മാറ്റം വരുത്തിയത്.

സമയമാറ്റം സംബന്ധിച്ച കൃത്യമായ വിവരം എല്ലാ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും പതിപ്പിക്കണമെന്നും ബെവ്‌കോ എംഡി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഔട്ട്‌ലെറ്റുകളില്‍ കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

അതേസമയം, മദ്യം വാങ്ങാനെത്തുന്നവര്‍ ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ വാക്‌സിനേഷന്‍ രേഖയോ കയ്യില്‍ കരുതണമെന്നാണ് ബെവ്‌കോയുടെ നിര്‍ദേശം. ഓഗസ്റ്റ് 11 മുതല്‍ ഈ നിര്‍ദേശം നിലവില്‍ വന്നിരുന്നു.