ബെംഗളൂരുവില്‍ ഭാര്യയുടെ കാമുകനെ യുവാവ് കുത്തിക്കൊന്നു


ബെംഗളൂരു: ആറ് മണിക്കൂറിലേറെ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന ശേഷം യുവാവ് ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു. ബെംഗളൂരു രോഹിത് നഗറിലാണ് സംഭവം. ഭരത് കുമാറാണ്(31) ചിക്കമംഗളൂരു ഹൊസഹള്ളി തണ്ട സ്വദേശി ശിവരാജിനെ കുത്തിക്കൊലപ്പെടുത്തിയത്.

പ്രതിയായ ഭരത് കുമാറിനെ ബൈദരാഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. എട്ടു വര്‍ഷം മുമ്പാണ് ഹൊസഹള്ളി തണ്ട സ്വദേശിയായ വിനുതയും ഭരത് കുമാറും വിവാഹിതരായത്. രണ്ട് മക്കളുമുണ്ട്. മൂന്ന് വര്‍ഷം മുമ്പാണ് ശിവരാജുമായി ഇവര്‍ പരിചയത്തിലാകുന്നത്. കൊല്ലപ്പെട്ട ശിവരാജിന്റെ മൃതദേഹം വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും തെളിവെടുപ്പ് അടക്കമുള്ള നടപടികള്‍ ഉടനുണ്ടാകുമെന്നും പോലീസ് പറഞ്ഞു.