ബിജെപിയ്ക്ക് കൊയിലാണ്ടിയിൽ 4,525 വോട്ട് കുറഞ്ഞു; വിശദീകരിക്കാനാകാതെ നേതൃത്വം, അന്വേഷണം

കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തിൽ ബിജെപി വോട്ട് കുറഞ്ഞത് വിശദീകരിക്കാനാകാതെ നേതൃത്വം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് കൊയിലാണ്ടി മണ്ഡലത്തില്‍ ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പഞ്ചായത്ത് നഗരസഭ തിരഞ്ഞെടുപ്പിലും ലഭിച്ചതിനേക്കാള്‍ കുറവ് വോട്ടാണ് ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്‍.പി രാധാകൃഷ്ണന് ലഭിച്ചത്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.രജനീഷ് ബാബുവിന് 22,080 വോട്ടാണ് ലഭിച്ചത്. ഇത്തവണ എൻ.പി.രാധാകൃഷ്ണന് 17,555 വോട്ട് മാത്രമാണ് ലഭിച്ചത്. അഞ്ച് വർഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 4,525 വോട്ടിന്റെ കുറവ്. കഴിഞ്ഞ പഞ്ചായത്ത് നഗരസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് കൊയിലാണ്ടി മണ്ഡലത്തില്‍ 24,500 വോട്ട് ലഭിച്ചിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ വോട്ടുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്നായിരുന്നു ബി.ജെ.പി നേതൃത്വം അവകാശപ്പെട്ടിരുന്നത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.പി രാധാകൃഷ്ണന് കുറെ കൂടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചതായാട്ടായിരുന്നു ബി.ജെ.പി വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് കുറയാനിടയാക്കിയ സാഹചര്യത്തെ കുറിച്ച് പാര്‍ട്ടി പരിശോധന നടത്തുമെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.
എന്നാൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ കൊയിലാണ്ടിയിലെ ചില പ്രാദേശിക നേതാക്കൾ സഹകരിച്ചിരുന്നില്ല എന്ന് പ്രവർത്തകർക്കിടയിൽ ചർച്ചയുണ്ട്. തെരഞ്ഞെടുപ്പിന് മുൻപു തന്നെ ബിജെപി സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ ഇത് സംബന്ധിച്ച് നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. കൊയിലാണ്ടിയിലെ ബിജെപി മുൻ മണ്ഡലം പ്രസിഡണ്ട്, കൊയിലാണ്ടിയിൽ നിന്നുള്ള യുവമോർച്ച ജില്ല സെക്രട്ടറി എന്നിവർ ഉൾപ്പടെയുള്ളവർക്കെതിരാണ് പരാതി എന്നാണ് അറിവ്.

കൊയിലാണ്ടിയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സ്ഥാനാർത്ഥി നൽകിയ പരാതി അന്വേഷിക്കാൻ ജില്ല കമ്മറ്റി മൂന്നംഗ അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ല ജനറൽ സെക്രട്ടറിമാരായ ബാലസോമൻ, മോഹനൻ മാസ്റ്റർ, മേഖല വൈസ് പ്രസിഡണ്ട് ജിതേന്ദ്രൽ എന്നിവരാണ് അന്വേഷണ കമ്മീഷനിലുള്ളത്. വരും നാളുകളിൽ വോട്ടു ചോർച്ചയുൾപ്പടെ വലിയ ചർച്ചയായി ഉയർന്നു വരാനാണ് സാധ്യത.