ബാഴ്സലോണ ജഴ്സിയിൽ ഇനി മെസ്സിയില്ല; നീണ്ട പതിനെട്ട് വർഷത്തെ ബന്ധത്തിന് വിരാമമിട്ട് ലയണൽ മെസ്സി ബാഴ്സ വിട്ടു


കോഴിക്കോട്: എഫ്.സി ബാഴ്സലോണയുമായുള്ള നീണ്ട പതിനെട്ട് വർഷത്തെ ബന്ധത്തിന് വിരാമമിട്ട് ലയണൽ മെസ്സി ക്ലബ് വിടുന്നു. സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ തന്നെയാണ് മെസ്സി ക്ലബ് വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സാമ്പത്തികവും സാങ്കേതികവുമായ തടസ്സങ്ങൾ കാരണം കരാർ പുതുക്കാൻ കഴിയാത്തതിനാൽ ലയണൽ മെസ്സി ക്ലബ് വിടുകയാണെന്ന് ബാഴ്സലോണ ഇന്ന് വാർത്താക്കുറിപ്പിലൂടെ പ്രഖ്യാപിക്കുകയായിരുന്നു.

ഇന്ന് മെസ്സിയും ബാഴ്സലോണയും തമ്മിലുള്ള കരാർ പുതുക്കുമെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. തന്റെ കരിയറിന്റെ തുടക്കം മുതൽ ഇതുവരെയും ബാഴ്സയിൽ ചെലവഴിച്ച മെസ്സി തുടർന്നും കരാറിലേൽപ്പെടുമെന്നുതന്നെയാണ് ആരാധകരുൾപ്പടെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ലാ ലിഗയുടെ സാമ്പത്തിക നയങ്ങളാണ് ഇതിന് തിരിച്ചടിയായതെന്നാണ് സൂചന.

‘എഫ്.സി ബാഴ്സലോണയും ലയണൽ മെസ്സിയും ഒരു ധാരണയിലെത്തിയിട്ടും, ഇന്നുതന്നെ കരാർ പുതുക്കാനുള്ള വ്യക്തമായ ഉദ്ദേശം ഉണ്ടായിരുന്നിട്ടും സാമ്പത്തികവും സാങ്കേതികവുമായ തടസ്സങ്ങൾ (സ്പാനിഷ് ലീഗ് നിയന്ത്രണങ്ങൾ) കാരണം അത് സാധ്യമായില്ല,’ ക്ലബ് വാർത്താക്കുറിപ്പിൽ അറിയിച്ചു. എഫ്.സി ബാഴ്സലോണയുടെ പുരോഗതിയിൽ മെസ്സി നൽകിയ സംഭാവനയ്ക്ക് ഹൃദയത്തിൽ നിന്ന് നന്ദി അറിയിക്കുന്നതായും ഭാവിയിൽ എല്ലാ ആശംസകളും നേരുന്നതായും വാർത്താക്കുറിപ്പിൽ എഫ്.സി ബാഴ്സലോണ വ്യക്തമാക്കി.

പതിനെട്ട് വർഷത്തിനിടെ ബാഴ്സയുടെ കുപ്പായത്തിൽ 778 മത്സരങ്ങൾക്കായി മെസ്സി കളത്തിലിറങ്ങി. ഇക്കാലത്തിനിടെ 672 ഗോളുകളും ബാഴ്സലോണയ്ക്കായി അദ്ദേഹം നേടിയിട്ടുണ്ട്.