ബാലുശ്ശേരി ഉറപ്പിച്ച് ധർമജൻ ബോൾഗാട്ടി


ബാലുശ്ശേരി: നിയോജകമണ്ഡലത്തിൽ മത്സരിക്കാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ ഇടംപിടിച്ച ധർമജൻ ബോൾഗാട്ടി ബാലുശ്ശേരി മണ്ഡലത്തിൽ സജീവമായി. കഴിഞ്ഞ ഏതാനും ദിവസത്തിനുള്ളിൽ പത്തോളം പരിപാടികളിലാണ് ധർമ്മജൻ പങ്കെടുത്തത്.

ബാലുശ്ശേരി പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകനായ മനോജ് കുന്നോത്ത് നടത്തുന്ന 48 മണിക്കൂർ ഉപവാസസമരം ധർമജൻ ഉദ്ഘാടനം ചെയ്തു. പാർട്ടി ആവശ്യപ്പെട്ടാൽ ബാലുശ്ശേരിയിൽ മത്സരിക്കുമെന്നും ബാലുശ്ശേരിയോട് താത്‌പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റ് കലാകാരന്മാർ തങ്ങൾ കോൺഗ്രസ്സുകാരാണെണ് പറയാൻ മടി കാണിക്കുമ്പോൾ താൻ കോൺഗ്രസ്സുകാരനാണെന്ന് അഭിമാനത്തോടെ പറയുമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.സി.വിജയൻ അധ്യക്ഷനായി. കെ.പി.സി.സി അംഗം കെ.രാമചന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.കെ.പരീത്, എം.ടി.മധു, യു.സിറാജ്, വി.ബി.വിജീഷ്, വിശ്വൻ നായർ, വി.സി.ശിവദാസൻ, എൻ.വി.ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു