ബാലുശ്ശേരിയുടെ മുഖഛായ മാറുന്നു; ടൗണ്‍ നവീകരണം ഓഗസ്റ്റ് 30-നകം പൂര്‍ത്തിയാക്കും


ബാലുശ്ശേരി : ബാലുശ്ശേരി ടൗൺനവീകരണം ഓഗസ്റ്റ് 30-നു മുൻപ് പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കരാറുകാരനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കർശനനിർദേശം നൽകി. ബാലുശ്ശേരി ടൗണിലെ റോഡ് നവീകരണം കൂടാതെ മണ്ഡലത്തിലെ എസ്റ്റേറ്റ്മുക്ക്-കക്കയം റോഡ് നവീകരണവും കൂട്ടാലിട – കൂരാച്ചുണ്ട് റോഡ് നവീകരണവും മന്ത്രി പരിശോധിക്കുകയുണ്ടായി.

മൂന്ന് പ്രവൃത്തികളും സമയബന്ധിതമായി നടപ്പാക്കാൻ മന്ത്രി കരാറുകാർക്കും പൊതുമരാമത്ത് എൻജിനിയർമാർക്കും നിർദേശം നൽകി. റീ ബിൽഡ്പദ്ധതിയിൽ ഉൾപ്പെടുത്തി 233 കോടിരൂപ അനുവദിച്ച കൊയിലാണ്ടി-അരീക്കോട് റോഡിന്റെ പ്രവൃത്തികൾ വേഗത്തിലാക്കാനും മന്ത്രി നിർദേശിച്ചു.

ബാലുശ്ശേരി ബൈപ്പാസ് യാഥാർഥ്യമാക്കാൻ സർവകക്ഷിയോഗം ചേർന്ന് നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും മന്ത്രി നിർദേശിച്ചു. കെ. സച്ചിൻദേവ് എം.എൽ.എ., ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ്, ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഏറാടിയിൽ ഇന്ദിര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി തുടങ്ങിയവർ പങ്കെടുത്തു.