ബാലുശ്ശേരിയില്‍ കാറിടിച്ചുവീണ സ്‌കൂട്ടര്‍ യാത്രക്കാരി ടിപ്പര്‍ലോറി കയറി മരിച്ചു; കാര്‍ നിര്‍ത്താതെ പോയി


ബാലുശ്ശേരി: കാറിടിച്ചുവീണ സ്‌കൂട്ടര്‍യാത്രക്കാരി ടിപ്പര്‍ ലോറി കയറി തത്ക്ഷണം മരിച്ചു. നരിക്കുനി താഴെ കരുവംപൊയില്‍ ബിനില (41) യ്ക്കാണ് ദാരുണാന്ത്യമുണ്ടായത്. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ ബാലുശ്ശേരി-കൂട്ടാലിട റോഡില്‍ മഞ്ഞപ്പാലത്തിനടുത്താണ് സംഭവം.

സ്‌കൂട്ടറില്‍ കാര്‍ ഇടിക്കുകയും നടുറോഡിലേക്ക് തെറിച്ചുവീണ ബിനിലയുടെ ശരീരത്തിലൂടെ അതേദിശയില്‍വന്ന ടിപ്പര്‍ലോറി കയറുകയുമായിരുന്നു. വിദേശത്തുള്ള സഹോദരന്റെ സമീപത്തേക്ക് പോകാനൊരുങ്ങിയ മാതാപിതാക്കളെ യാത്രയയക്കാന്‍ കൂട്ടാലിടയിലെ വീട്ടില്‍പ്പോയി തിരിച്ചുവരുമ്പോഴാണ് ബിനിലയ്ക്ക് അപകടം സംഭവിച്ചത്.

മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തില്‍പ്പെട്ടശേഷം നിര്‍ത്താതെപോയ കാര്‍ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.

കൂട്ടാലിട കോണിപ്പുറത്ത് ചാലില്‍ ദാമോദരന്‍ നായരുടെയും ദേവകി അമ്മയുടെയും മകളാണ്. ഭര്‍ത്താവ്: സത്യന്‍. മക്കള്‍: അദിന്‍ ജിത്ത്, അമര്‍ജിത്ത്. സഹോദരങ്ങള്‍: ബിന്ദു, രജിത, ധനിലാല്‍.