ബാലുശ്ശേരിയില്‍ എന്‍ജിന്‍ ഓയില്‍ ഗോഡൗണിന് തീപിടിച്ചു; ഒരു കോടിയിലേറെ രൂപയുടെ നഷ്ടം


കോഴിക്കോട്: ബാലുശ്ശേരി റോഡിൽ കക്കോടി മുക്കിലെ പെട്രോൾ പമ്പിന് പിറകിലെ എൻജിൻ ഓയിൽ ഗോഡൗണിന് തീപിടിച്ചു. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. പുലർച്ചെ രണ്ടരയോടെയാണ് തീയണയ്ക്കാനായത്. ഗൾഫ് ഓയിലിന്റെ വിതരണക്കാരായ എബി ആർ മാർക്കറ്റിങ് ഗ്രൂപ്പിന്റെതാണ് സ്ഥാപനം. സ്പെയർ പാർട്സ് ഉൾപ്പെടെയുള്ള സാധനങ്ങളും ഇതിൽ സൂക്ഷിച്ചിട്ടുണ്ട് കന്നാസുകളിലും ബാരലുകളിലുമായാണ് ഓയിൽ സൂക്ഷിച്ചിരുന്നത്. തീ പിടിച്ചതോടെ ഓയിൽ പരന്നൊഴുകി.

രണ്ടു മണിക്കൂറോളം നീണ്ട ശ്രമത്തിനിടെ തീ നിയന്ത്രണ വിധേയമായെങ്കിലും വീണ്ടും ആളിക്കത്തുകയായിരുന്നു. ആദ്യം വെള്ളം അടിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പടർന്നതോടെയാണ് അക്വാ ഫിലിം ഫോം ഉപയോഗിച്ച് തീ അണയ്ക്കാനുള്ള ശ്രമം തുടർന്നത്. നരിക്കുനിയിൽ നിന്ന് സ്‌റ്റേഷൻ ഓഫിസർ കെ.പി. ജയപ്രകാശിന്റെ നേതൃത്വത്തിൽ ബീച്ച്, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിൽ നിന്നായി അഞ്ച് യൂണിറ്റ് അഗ്നി രക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമം നടത്തിയത്. ഡിസിആർബി അസിസ്റ്റൻറ് കമ്മീഷണർ ആർ.രഞ്ജിത്തിന്റെയും ചേവായൂർ എസ് ഐ പി.എസ്.ജെയിംസിന്റെയും നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

പൊട്ടിത്തെറി സാധ്യത കണക്കിലെടുത്ത് മുൻ കരുതലെന്ന നിലയിൽ സമീപത്തെ താമസക്കാരോട് മാറാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനാണ് തീ പടരുന്നത് ആദ്യം കണ്ടത്. ഉടനെ സമീപത്തെ വീട്ടുകാരെയും തുടർന്ന് അഗ്നി രക്ഷാ സേനയെയും അറിയിച്ചു. ഒരു കോടിയിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ ലോഡ് ഇറക്കിയതാണ്. ഓയിൽ ഗോഡൗണിന് സമീപത്തായി പെട്രോൾ ബങ്കുള്ളതിനാൽ ഇവിടേക്ക് ഉൾപ്പെടെ തീ പടരാതിരിക്കാനുള്ള മുൻ കരുതലും സ്വീകരിച്ചിരുന്നു.