ബാലുശ്ശേരിയില്‍ ആശങ്കയുയര്‍ത്തി തെരുവുനായയുടെ ആക്രമണം; മുന്നില്‍ കണ്ടവരെയെല്ലാം കടിച്ച് പരിക്കേല്‍പ്പിച്ചു


ബാലുശ്ശേരി: തെരുവ് നായ്ക്കൾ ഭീതി പരത്തുന്നു. പൂനൂർ മുതൽ ബാലുശ്ശേരി വരെ ഓടിയ ഒരു തെരുവ് നായ മുന്നിൽപ്പെട്ടവരെ എല്ലാം കടിച്ചു പരുക്കേൽപിച്ചു. നായയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെടാനായി ഓടിയ രണ്ട് പേർക്ക് വീണു പരുക്കേറ്റു. മരുന്ന് വാങ്ങാൻ എത്തിയ യുവതിക്കും ബസ് ഇറങ്ങിയ വീട്ടമ്മയ്ക്കും എകരൂൽ അങ്ങാടിയിൽ വച്ച് നായയുടെ കടിയേറ്റു. വിവിധ ആവശ്യങ്ങൾക്കായി പോകുന്നവർക്കാണ് നായയുടെ ആക്രമണത്തിൽ പരുക്കേറ്റത്.

പരുക്കേറ്റ ഒട്ടേറെ പേർ സ്വകാര്യ ആശുപത്രികളിലും ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലുമായി ചികിത്സ തേടി. സാരമായി പരുക്കേറ്റ ആറ് പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാലുശ്ശേരി പോസ്റ്റ് ഓഫിസ് പരിസരം, വട്ടോളി ബസാർ, കരുമല, പൂനൂർ ഭാഗങ്ങളിലും തെരുവ് നായയുടെ ആക്രമണം ഉണ്ടായി.

ബാലുശ്ശേരി ഭാഗത്തുകൂടെയാണ് തെരുവ് നായ പിന്നീട് ഓടിയത്. തെരുവ് നായ്ക്കളുടെ ശല്യം വർധിച്ചതോടെ മൃഗങ്ങളെ വളർത്തുന്നവർ ആശങ്കയിലാണ്. കഴിഞ്ഞ ആഴ്ചകളിൽ സമീപ പ്രദേശങ്ങളിലെ ഒട്ടേറെ വളർത്തു മൃഗങ്ങൾക്ക് തെരുവ് നായയുടെയും കുറുക്കന്റെയും കടിയേറ്റിരുന്നു. കരുമല വടക്കെ തൊടുകയിൽ ഉണ്ണിക്കൃഷ്ണൻ (49), ചേളന്നൂർ പുത്തൻകുളം സുരേന്ദ്ര കുമാർ (55), തച്ചംപൊയിൽ മണ്ണാറക്കൽ കെ.പി.വിഗില (33), പരപ്പിൽ കണ്ണിലക്കണ്ടി ശൈലജ (45), കരുമല മീത്തലെ തേനങ്ങൽ ദാക്ഷായണി (65), അമ്പിളിയത്ത് ജയമോഹൻ (64) എന്നിവരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്.

തെരുവ് നായ്ക്കൾ അക്രമാസക്തമാകുന്നത് കാരണം ഭീതിയിലാണ്. ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റ് 3 പശുക്കളും ഒരു ആടും കാക്കൂരിൽ ചത്തിരുന്നു. റോഡിലൂടെ പരക്കം പായുന്ന തെരുവ് നായ്ക്കൾ ഇരുചക്ര വാഹന യാത്രികർക്കും വലിയ ഭീഷണി ഉയർത്തുന്നു.