ബാലുശേരിയിലെ കോളേജ് വിദ്യാര്‍ഥികള്‍ വിനോദയാത്രയ്ക്ക് പോയ വാന്‍ കൊക്കയിലേക്ക് മറിഞ്ഞു; അപകടം നാടുകാണിച്ചുരത്തില്‍


നിലമ്പൂര്‍: ബാലുശേരിയില്‍ നിന്ന് കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാന്‍ നാടുകാണിച്ചുരത്തില്‍ കൊക്കയിലേക്ക് മറിഞ്ഞു. ഊട്ടിയിലേക്ക് വിനോദയാത്രപോയ വാഹനമാണ് നൂറടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. പരിക്കുപറ്റിയ നാലുപേരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവശേഷിക്കുന്നവരെ ഗൂഡല്ലൂര്‍ ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പുത്തന്‍പിലാവ് ആദര്‍ശ് (20), കാപ്പിക്കുന്നുമ്മല്‍ ആല്‍വിന്‍ (20), കുന്നിക്കൂട്ടം അമല്‍ (20), കാപ്പിക്കുന്നുമ്മല്‍ അഭിനവ് (20) എന്നിവരാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്. ശ്രീഹരി (25), പ്രസാദ് (20), നിഥിന്‍ (20), മിഥുന്‍ (20), അഭിനവ് (20), ആദര്‍ശ് (20) എന്നിവരാണ് ഗൂഡല്ലൂര്‍ ആശുപത്രിയിലുള്ളത്. ആരുടേയും പരിക്കുകള്‍ ഗുരുതരമല്ല. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ചുരത്തില്‍ കേരള അതിര്‍ത്തി കഴിഞ്ഞ് തമിഴ്നാടിന്റെ ഭാഗത്ത് രണ്ടുകിലോമീറ്ററോളം ഉള്ളിലാണ് അപകടം.

പതിനൊന്നുപേരായിരുന്നു വാനിലുണ്ടായിരുന്നത്. പത്തുപേര്‍ ബാലുശേരി സഹകരണ കോളേജിലെ ബിരുദവിദ്യാര്‍ഥികളാണ്. ആല്‍വിന്‍ എം.ഡിറ്റ് കോളേജിലാണ് പഠിക്കുന്നത്. പുലര്‍ച്ചെയായിരുന്നതിനാല്‍ അപകടം ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. അപകടത്തില്‍പ്പെട്ടവരില്‍ ചിലര്‍ റോഡിലേക്ക് കയറിവന്ന് വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി അപകടകാര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റുവാഹനങ്ങളിലെ ഡ്രൈവര്‍മാരും യാത്രക്കാരും ചേര്‍ന്ന് ബാക്കിയുള്ളവരെക്കൂടി മുകളിലേക്ക് എത്തിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.