ബാലുശ്ശേരിക്കാരെ വിസ്മയിപ്പിച്ച ഒരു കോഴി; ഒരു ദിവസം മാത്രം 11മുട്ടകൾ
ബാലുശ്ശേരി: കോഴികൾ വളർത്തുന്നവരും വളർത്തിയിട്ടുള്ളവരുമാണ് നമ്മളിൽ ഭൂരിഭാഗംപേരും. ലോക്ക്ഡൗൺ കാലത്ത് കൂടുതൽ പേർ മുട്ടക്കോഴികളെ വളർത്താനും തുടങ്ങി. ആഴ്ചയിൽ കൂടിയാൽ അഞ്ചോ ആറോ മുട്ടകൾ വരെയാകും നല്ല ഇനം കോഴികളിൽ നിന്ന് ലഭിക്കുക. എന്നാൽ കോഴിക്കോട് ബാലുശ്ശേരിയിലെ ഒരു നാടൻ കോഴി എല്ലാവരെയും വിസ്മയിപ്പിച്ചിരിക്കുകയാണ്.
ഒറ്റദിവസം 11 മുട്ടയിട്ടാണ് നാടൻകോഴി വീട്ടുകാരെയും നാട്ടുകാരെയും വിസ്മയപ്പെടുത്തിയത്. കൊളത്തൂർ യു പി സ്കൂളിനടുത്ത് താമസിക്കുന്ന കുന്നത്ത് മീത്തൽ മനോജിന്റെ വീട്ടിലെ കോഴിയാണ് വ്യാഴാഴ്ച രാവിലെ ഏഴു മുതൽ ഉച്ചക്ക് ഒരു മണി വരെയുള്ള ഇടവേളയിൽ 11 മുട്ടകളിട്ടത്.
ആകെ ഇട്ട മുട്ടകളിൽ 10 എണ്ണം സാധാരണ വലുപ്പത്തിലുള്ളതാണ്. ഒന്ന് കുറച്ച് വലുപ്പം കൂടിയതുമാണ്. അരമണിക്കൂർ ഇടവിട്ട് കൂട്ടിൽ കയറിയാണ് കോഴി പതിനൊന്ന് മുട്ടകളുമിട്ടത്. ബുധനാഴ്ച കോഴി രണ്ടു മുട്ടകളിട്ടിരുന്നു. മനോജ് നാല് മാസം മുമ്പ് കപ്പുറത്തുനിന്നുമാണ് ഈ നാടൻ കോഴിയെ വാങ്ങിയത്. കോഴിയെയും മുട്ടകളെയും കാണാനായി മനോജിന്റെ വീട്ടിൽ ഒട്ടേറെ സന്ദർശകരാണെത്തുന്നത്.