ബാരിക്കേടിനപ്പുറം ജനാധിപത്യത്തിന്റെ ഉത്സവം, ഇപ്പുറത്ത് കാളിയാട്ട മഹോത്സവം
കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ടപ്പറമ്പിൽ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയാവുന്നു. പിഷാരികാവ് ദേവസ്വം എൽ.പി സ്കൂളിലാണ് വോട്ടെടുപ്പിനുള്ള ബൂത്തുകൾ സജ്ജീകരിക്കേണ്ടത്. സ്കൂളിന് മുൻവശത്തെ ഗ്രൗണ്ട് ബാരിക്കേഡ് കെട്ടി വേർതിരിച്ചിട്ടുണ്ട്.
കാളിയാട്ട ദിനത്തിൽ പ്രധാന ചടങ്ങുകൾ നടക്കുന്ന ക്ഷേത്രം വടക്കെ നടയിലെ കാളിയാട്ടപ്പറമ്പിലാണ് പിഷാരികാവ് ദേവസ്വം എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 83, 84, 85 നമ്പർ പോളിംഗ് സ്റ്റേഷനുകളിലായി അഞ്ച് ബൂത്തുകൾ ഈ സ്കൂളിലാണ് സജ്ജീകരിക്കേണ്ടത്. ഏതാണ്ട് 3500 ഓളം വോട്ടർമാരാണ് ഇവിടെ വോട്ട് ചെയ്യാൻ എത്തേണ്ടണ്ട്. രാവിലെ 7 മണി മുതൽ വൈകീട്ട് 7 മണി വരെയാണ് വോട്ടെടുപ്പ് സമയം.
പിഷാരികാവ് ഉത്സവ തിരക്കിനിടയിൽ വോട്ടർമാര ബൂത്തിലെത്തിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് മുന്നണികൾ. തെരഞ്ഞെടുപ്പും പിഷാരികാവ് കാളിയാട്ടവും ഒരേ ദിവസം വന്നതിന്റെ അങ്കലാപ്പിലാണ് വോട്ടർമ്മാർ.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷ പരിപാടികൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായാണ് ഇത്തവണ ഉത്സവം തീരുമാനിച്ചതെങ്കിലും പ്രദേശത്തെ പ്രധാന ഉത്സവം എന്ന നിലയ്ക്ക് ഉത്സവ ചടങ്ങുകളിൽ പങ്കെടുക്കാനും, വീക്ഷിക്കാനുമായി ധാരാളം പേരാണ് എത്തുന്നത്. വോട്ടു ചെയ്യേണ്ട പലരും ഉത്സവ ചടങ്ങുകളിൽ പങ്കെടുക്കേണ്ടവരുമാണ്.
കാളിയാട്ട ദിനത്തിൽ ഉച്ചയ്ക്ക് ശേഷം താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പത്തോളം അവകാശ വരവുകൾ ക്ഷേത്രനടയിൽ എത്തും. വൈകീട്ട് 6 മണിക്കാണ് നന്തിയിൽ നിന്ന് വരുന്ന വേട്ടുവരുടെ ഉപ്പുതാണ്ടി വരവ് വടക്കെ നടയിലെ കാളിയാട്ടപ്പറമ്പിൽ എത്തുന്നത്. തുടർന്ന് 6.30 ഓടെ പാലച്ചുവട്ടിലേക്കുള്ള എഴുന്നള്ളത്ത് ആരംഭിക്കും. 7 മണിയോടെ ആയിരത്തിരിയുമായി സ്ത്രീകൾ ക്ഷേത്രനടയിലേക്ക് പ്രവേശിക്കും.