ബാദുഷയില്‍ ആക്രമണം നടത്തുന്നതിന് രണ്ട് ദിവസം മുമ്പ് ചാലിക്കരയില്‍ മുസ്‌ലിം നാമധാരികളാണോയെന്ന് അന്വേഷിച്ച് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചു; പേരാമ്പ്രയില്‍ സംഘപരിവാറിന്റെ സദാചാര ആക്രമണമെന്ന് പരാതി


ചാലിക്കര: ഹലാല്‍ ബീഫിന്റെ വില്‍പ്പനയുടെ പേരില്‍ പേരാമ്പ്രയിലെ ബാദുഷ സൂപ്പര്‍മാര്‍ക്കറ്റില്‍ ആക്രമണം നടത്തുന്നതിന് രണ്ടുദിവസവും മുമ്പും പേരാമ്പ്രയില്‍ സംഘപരിവാര്‍ മുസ്‌ലിം നാമധാരിയാണോയെന്ന് അന്വേഷിച്ച് വിദ്യാര്‍ഥികള്‍ക്കുനേരെ ആക്രമണം നടത്തി. കാലിക്കറ്റ് യൂണിവേഴഴ്‌സിറ്്‌റി പേരാമ്പ്ര റീജ്യണല്‍ സെന്ററിലെ വിദ്യാര്‍ഥികളെയാണ് ചാലിക്കര ബസ് സ്റ്റോപ്പില്‍ വെച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

നാല് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും ബസ്റ്റോപ്പില്‍ ഇരിക്കവെ ഒരാള്‍ അവിടേക്ക് വന്ന് വിദ്യാര്‍ഥികളെ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം. അഭിനവ് എന്ന വിദ്യാര്‍ഥിയ്ക്കാണ് മര്‍ദ്ദനമേറ്റത്.

‘മുനീറിന്റെ മകനല്ലേടാ നീ’ എന്ന് ചോദിച്ചായിരുന്നു ഇയാള്‍ തനിക്കുനേരെ വന്നതെന്ന് അഭിനവ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. തുടര്‍ന്ന് തന്റെ മാസ്‌ക് ബലമായി വലിച്ചൂരികയും അവിടെയുണ്ടായിരുന്ന പെണ്‍കുട്ടികളെയും തങ്ങളെയും അസഭ്യം പറയുകയും ചെയ്തു. ഇതിനിടെ ഇയാള്‍ ഫോണില്‍ മറ്റൊരാളെ വിളിച്ചുവരുത്തുകയും ഇവര്‍ രണ്ടുപേരും തന്നെ കയ്യേറ്റം ചെയ്യുകയും കൂടെയുണ്ടായിരുന്നവരെ അധിക്ഷേപിക്കുകയും ചെയ്‌തെന്നും അഭിനവ് പറയുന്നു. അക്രമികള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നും ജിഷ്ണുവെന്നയാളാണ് തങ്ങളെ അധിക്ഷേപിച്ചതെന്നും അഭിനവ് പറഞ്ഞു.

പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തിയാണ് അക്രമികളെ നിയന്ത്രിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

പൊലീസിന്റെ സാന്നിധ്യത്തില്‍വരെ വിദ്യാര്‍ഥിനികളെ അധിക്ഷേപിക്കുകയായിരുന്നു അക്രമികളെന്നും അഭിനവ് പറയുന്നു. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയ അക്രമമായിരുന്നു അതെന്നാണ് അന്നത്തെ അവരുടെ സംസാരത്തില്‍ നിന്നും മനസിലായത്. തങ്ങള്‍ കുറച്ചുകാലമായി നിങ്ങളെ ശ്രദ്ധിക്കുകയാണെന്നും മറ്റും പറഞ്ഞായിരുന്നു അധിക്ഷേപമെന്നും അഭിനവ് പറഞ്ഞു.

ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് കഴിഞ്ഞദിവസം ബാദുഷ സൂപ്പര്‍ മാര്‍ക്കറ്റില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ രണ്ട് യുവാക്കള്‍ ജീവനക്കാരോട് ഹലാല്‍ സ്റ്റിക്കറുള്ള ബീഫുണ്ടോയെന്ന് ചോദിച്ചു. ഉണ്ടെന്നു പറഞ്ഞപ്പോള്‍ ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാരുമായി വാക്കേറ്റത്തിലായി. തര്‍ക്കമായതോടെ ഇവരോടൊപ്പം കൂടുതല്‍പേരെത്തി ജീവനക്കാരെ മര്‍ദിക്കുകയായിരുന്നു. ഞായറാഴ്ച മൂന്ന് മണിയോടെയായിരുന്നു സംഭവം.

ആക്രമണത്തില്‍ കടയുടെ ബോര്‍ഡും മറ്റു നശിപ്പിക്കപ്പെട്ടു. ഒരു വനിത ഉള്‍പ്പെടെ നാല് ജീവനക്കാര്‍ക്കാണ് ആക്രമത്തില്‍ പരിക്കേറ്റത്. സുജിത്ത്(27), ആനന്ദ് (24), ശിബിലേഷ്(32), വിപിന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളിലൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മേപ്പയ്യൂര്‍ സ്വദേശി പ്രസൂണിനെയാണ് പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്.