ബാങ്ക് പണിമുടക്ക് ഇന്ന് മുതൽ; പണിമുടക്ക് ഏതൊക്കെ ബാങ്കുകളെ ബാധിക്കുമെന്ന് അറിയാം


 

കോഴിക്കോട്: രാജ്യത്തെ ബാങ്ക് ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും ഒമ്പത് സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സ് (യു.എഫ്.ബി.യു) ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. പൊതുമേഖലാ ബാങ്ക് സ്വകാര്യവത്കരണ ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിനെതിരെയാണ് പണിമുടക്ക്.

2021-22 കാലത്തേക്കുള്ള ബജറ്റില്‍ രണ്ട് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഇതിനകം തന്നെ ഭൂരിപക്ഷം ഷെയറുകളും വിറ്റുകൊണ്ട് ഐ.ഡി.ബി.ഐ ബാങ്ക് സ്വകാര്യവത്കരിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 14 പൊതുമേഖലാ ബാങ്കുകളാണ് ലയിപ്പിച്ചിട്ടുള്ളത്.

പണിമുടക്കിന്റെ പശ്ചാത്തലത്തില്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, യുകോ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക്, ആര്‍.ബി.എല്‍ ബാങ്ക് എന്നിവയുടെ പ്രവര്‍ത്തനത്തെ പണിമുടക്ക് ബാധിക്കും.