ബാങ്ക് അക്കൗണ്ട് ഫോണ്‍ നമ്പറുമായി ലിങ്ക് ചെയ്യണമെന്ന് പറഞ്ഞു വിളിച്ചു, അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി; ആറ് മാസത്തിനു ശേഷം പണം കണ്ടെത്തി കോഴിക്കോട്ടെ സൈബര്‍ പോലീസ്


കോഴിക്കോട്: വയോധികയായ ഡോക്ടറുടെ ആറര ലക്ഷം രൂപ ഉത്തരേന്ത്യന്‍ ഓണ്‍ലൈന്‍ തട്ടിപ്പു സംഘം കവര്‍ന്നു. സൈബര്‍ പൊലീസിന്റെ അന്വേഷണത്തില്‍ ആറ് മാസത്തിനു ശേഷം പണം കണ്ടെടുത്തു. കോഴിക്കോട് തൊണ്ടയാട് ബൈപാസ് ഹൈലൈറ്റ് മാളിനു സമീപം താമസിക്കുന്ന 77 വയസ്സുകാരിയുടെ 6.44 ലക്ഷം രൂപയാണ് ബാങ്കില്‍ നിന്നു തട്ടിയെടുത്തത്.

2021 ജൂലൈയിലാണു സംഭവം. കോഴിക്കോട് ക്രൈം റിക്കോര്‍ഡ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണര്‍ സി.രഞ്ജിത്തിന്റെ നിര്‍ദേശപ്രകാരം ജില്ലാ സൈബര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്.നിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉത്തരേന്ത്യന്‍ സംഘത്തില്‍ നിന്നു കഴിഞ്ഞ ദിവസം പണം കണ്ടെടുത്തത്.

പൊലീസ് പറയുന്നത്:

സംഘം ഡോക്ടറുടെ മൊബൈല്‍ നമ്പറില്‍ വിളിച്ച് ബാങ്ക് അക്കൗണ്ട് ഫോണ്‍ നമ്പറുമായി ലിങ്ക് ചെയ്യുനനതിനായി 10 രൂപ ബാങ്കിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. തുക ഡോക്ടര്‍ മൊബൈല്‍ ട്രാന്‍സ്ഫര്‍ വഴി അയച്ചു. പിന്നാലെ നാലു തവണയായി 6.44 ലക്ഷം രൂപ 2 മിനിറ്റുകൊണ്ട് ബാങ്കില്‍ നിന്നു സംഘം പിന്‍വലിച്ചു. ഉത്തര്‍പ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് പണം പിന്‍വലിച്ച സംഘത്തെക്കുറിച്ചു വിവരം ലഭിച്ചത്. അന്വേഷണത്തില്‍ സ ൈബര്‍ പൊലീസിലെ എസ്‌ഐ ടി.ബൈജു, ജിതേഷ് കൊല്ലങ്ങോട്ട് എന്നിവരും പങ്കെടുത്തു.