ബസ് ചാർജ്ജ് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ; മിനിമം ചാര്‍ജ്ജ് പത്ത് രൂപയാക്കും, ദൂരം രണ്ടര കിലോമീറ്ററായി കുറയും


കോഴിക്കോട്: സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി, സ്വകാര്യ ബസ് നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ശുപാര്‍ശ. റിപ്പോര്‍ട്ട് മന്ത്രിസഭ പരിഗണിച്ച ശേഷമാകും അന്തിമ തീരുമാനമെടുക്കുക.

മിനിമം ചാര്‍ജ്ജ് നിലവിലെ എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയായി വര്‍ധിപ്പിക്കാനാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. കൂടാതെ മിനിമം ടിക്കറ്റില്‍ സഞ്ചരിക്കാവുന്ന ദൂരം ഒരു ഫെയര്‍ സ്റ്റേജായ രണ്ടര കിലോമീറ്ററിലേക്ക് ചുരുങ്ങും. നിലവില്‍ അഞ്ചു കിലോമീറ്റര്‍ സഞ്ചരിക്കാം. കിലോമീറ്റര്‍ നിരക്ക് 70 പൈസയില്‍ നിന്ന് ഒരു രൂപയാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.

എല്ലാ സര്‍വീസുകളും രാത്രി യാത്രയ്ക്കു 40 ശതമാനം തുക അധികമായി വാങ്ങണം. ഈ നിര്‍ദേശം നടപ്പിലായാല്‍ രാത്രി യാത്രയ്ക്കുള്ള മിനിമം ചാര്‍ജ് 14 രൂപയാകും. രാത്രി എട്ട് മണിക്കും പുലര്‍ച്ചെ അഞ്ച് മണിക്കും ഇടയില്‍ യാത്ര ചെയ്യുന്നവരാണ് ഈ നിരക്കു നല്‍കേണ്ടത്.

ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് ക്ലാസുകളില്‍ നിരക്കു വര്‍ധന ശുപാര്‍ശ ചെയ്തിട്ടില്ല. വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് സാധാരണ നിരക്കിന്റെ 50 ശതമാനം ഉയര്‍ത്തണമെന്നാണു നിര്‍ദേശം. ഇത് അംഗീകരിച്ചാല്‍ മിനിമം നിരക്ക് അഞ്ച് രൂപയാകും. നിലവില്‍ അഞ്ച് കിലോമീറ്ററിനു 2 രൂപയാണ് മിനിമം നിരക്ക്.