ബസ്സുണ്ട്, ബസ്സില്ല; ഒറ്റ- ഇരട്ട അക്ക നമ്പര്‍ ക്രമീകരണത്തില്‍ വലഞ്ഞ് ജനങ്ങള്‍
കോഴിക്കോട്: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കിയപ്പോള്‍ ആവശ്യത്തിനു യാത്രാസൗകര്യമില്ലാതെ ജനം വലയുന്നു. ഒറ്റ, ഇരട്ട അക്ക നിയന്ത്രണം കൊണ്ടു വന്നതു മൂലമുള്ള പ്രശ്‌നങ്ങളാണ് ബസുകള്‍ക്കും യാത്രക്കാര്‍ക്കും ഒരു പോലെ ബുദ്ധിമുട്ടുണ്ടാക്കുന്നത്.കോവിഡ് വ്യാപനം രൂക്ഷമായി യാത്രക്കാര്‍ കുറഞ്ഞതോടെ നഷ്ടം മൂലം പല ബസുകളും സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. ഇതിനു പുറമേ ഒറ്റ അക്ക നിയന്ത്രണം കൂടി വന്നതോടെ, ദിനംപ്രതി ഓടുന്ന ബസുകളുടെ എണ്ണം പിന്നെയും കുറഞ്ഞു. ഇതിനിടെ സര്‍ക്കാര്‍ ഓഫിസുകള്‍ അടക്കം തുറന്ന സാഹചര്യത്തില്‍ ആകെയുള്ള ഏതാനും ബസുകളില്‍ ജനങ്ങള്‍ തിങ്ങി ഞെരുങ്ങി യാത്ര ചെയ്യേണ്ട അവസ്ഥയാണ്.
കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പൂര്‍ണമായും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. 70 ശതമാനം ബസ്സുകളേ ഇപ്പോഴും നിരത്തിലിറങ്ങിയിട്ടുള്ളൂ. ദീര്‍ഘദൂര ബസുകള്‍ സര്‍വീസ് നടത്തുന്നുമില്ല. ബസില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ യാത്ര ചെയ്യേണ്ട ഗതികേടിലാണ് യാത്രക്കാര്‍ . യാത്രാ പ്രശ്‌നം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ രണ്ടു മാസത്തെ അടച്ചിടല്‍ കൊണ്ട് ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ലെന്നു യാത്രക്കാരും ബസ് ജീവനക്കാരും ചൂണ്ടിക്കാട്ടുന്നു.
ജില്ലയിലെ കൂടുതല്‍ ബസുകള്‍ക്കും ഒറ്റ അക്ക നമ്പറാണ്. ഇരട്ട അക്കത്തിലുള്ള ബസുകള്‍ വളരെ കുറവാണ്. അതേസമയം വ്യാപാര സ്ഥാപനങ്ങള്‍ കൂടുതല്‍ തുറക്കുന്നതാകട്ടെ ഇരട്ട അക്ക ബസുകള്‍ ഓടുന്ന ദിവസവുമാണ്. ഇതു മൂലം കുറച്ചു ബസില്‍ കൂടുതല്‍ ആളുകള്‍ തിങ്ങി നിറഞ്ഞ് യാത്ര ചെയ്യേണ്ട സ്ഥിതിയാണ്.