ബലാത്സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തന്‍; കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന് കോടതി
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു. ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.
കുറവിലങ്ങാട് മഠത്തില്‍വെച്ച് 2014 മുതല്‍ 2016 വരെ കന്യാസ്ത്രീയെ 13 തവണ ബലാത്സംഗം ചെയ്തെന്നാണ് കേസ്.
വിധി കേള്‍ക്കാന്‍ കോടതിയില്‍ ഫിലിപ്പ്, ചാക്കോ എന്നീ സഹോദരന്മാര്ക്കൊപ്പം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ എത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി കെ സുഭാഷ്, എസ്ഐ മോഹന്‍ദാസ് എന്നിവരും കോടതിയില്‍ ഹാജരായിരുന്നു.
2018 ജൂണ്‍ 27നാണ് കന്യാസ്ത്രീ നല്കിയ പരാതിയില്‍ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2018 സെപ്റ്റംബര്‍ 17ന് നാടകീയമായ ചോദ്യം ചെയ്യലിനൊടുവില്‍ ബിഷപ്പിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസില്‍ വിധിവരുന്നത്. ബലാത്സംഗം അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ ഏഴു വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരുന്നത്. ആയിരം പേജുള്ള കുറ്റപത്രത്തില്‍ മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്‍പ്പെടെ 84 സാക്ഷികളാണുണ്ടായിരുന്നത്. ഇതില്‍ 33 പേരെയാണ് വിസ്തരിച്ചത്.