ബദൗന്‍ കൂട്ടബലാല്‍സംഗം: ദേശീയ വനിത കമ്മീഷനില്‍നിന്ന് ചന്ദ്രമുഖി ദേവിയെ നീക്കംചെയ്യണമെന്ന് വനിതാ സംഘടനകള്‍


തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ ബദൗനില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അങ്കണവാടി തൊഴിലാളിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ദേശീയ വനിത കമ്മിഷന്‍ അംഗം ചന്ദ്രമുഖി ദേവിയുടെ പ്രസ്താവനയെ വനിതാ സംഘടനകള്‍ ശക്തമായി അപലപിച്ചു.

‘യുവതി തനിയെ പുറത്തുപോകരുതായിരുന്നു, പുറത്തു പോകുമ്പോള്‍ ആ സ്ത്രീയ്ക്കു ഒപ്പം ഒരു ആണ്‍കുട്ടിയുടെ കൂട്ട്‌ ഉണ്ടായിരുന്നുവെങ്കില്‍ ബലാത്സംഘത്തിനു ഇരയാകുമായിരുന്നില്ല ‘ എന്നു കഴിഞ്ഞ ദിവസം കമ്മിഷന്‍ അംഗം ചന്ദ്രമുഖി അഭിപ്രായപ്പെട്ടിരുന്നു. യോഗി ഭരണകൂടത്തിലെ സ്ത്രീകളുടെ ഭയാനകമായ അരക്ഷിതാവസ്ഥയെ ലഘൂകരിക്കുന്നതിനു വേണ്ടി വനിതാ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട വനിതാ കമ്മീഷന്‍ അംഗം കുറ്റവാളികള്‍ക്ക് മാപ്പുനല്‍കുകയും ഇരയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാതെയിരിക്കുകയും ചെയ്യുന്ന നിലപാട് ലജ്ജാകരമാണ്.

അത്തരം ഫ്യൂഡല്‍, പുരുഷാധിപത്യ മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു സ്ത്രീ ദേശീയ വനിത കമ്മിഷന്‍ അംഗമാണ് എന്നത് ഞെട്ടിപ്പിക്കുന്നതാണ്. അവരെ ഉടന്‍ കമ്മീഷനില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്നതായും ദേശീയ വനിതാ സംഘടനകള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.