ബത്തേരിയില്‍ പുള്ളിമാനെ വേട്ടയാടിയ രണ്ടുപേര്‍ അറസ്റ്റില്‍: വീട്ടില്‍ നിന്നും മാനിറച്ചിയും തോക്കും പിടിച്ചെടുത്തു


ബത്തേരി: പുള്ളിമാനെ വേട്ടയാടിയതിന് രണ്ടുപേര്‍ അറസ്റ്റില്‍. പുല്‍പ്പള്ളിക്കടുത്തുള്ള ചാമപ്പാറ തട്ടുപുരക്കല്‍ വിനീഷ്, ശശിമല പൊയ്കയില്‍ സുരേഷ് എന്നിവരാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ വീടുകളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. വീട്ടില്‍ നിന്നും മാനിറച്ചിയും മാനിനെ വെടിവെക്കാന്‍ ഉപയോഗിച്ച നാടന്‍ തോക്കും വനംവകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്.

ഒക്ടോബര്‍ ആറിന് ചെതലയം റെയ്ഞ്ചിന്റെ പരിധിയില്‍ വരുന്ന വിനീഷിന്റെ കൃഷിയിടത്തിലെത്തിയ പുള്ളിമാനെ ഇവര്‍ വേട്ടയാടുകയായിരുന്നു. പിന്നീട് ചെതലയം റെയ്ഞ്ച് ഓഫീസര്‍ അബ്ദുല്‍ സമദിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പുല്‍പ്പള്ളിയില്‍ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു.

വീട്ടില്‍ നിന്നും ഉണക്കി സൂക്ഷിച്ച നാലുകിലോ മാനിറച്ചിയും ഫ്രിഡ്ജില്‍ സൂക്ഷിച്ച മൂന്നുകിലോ മാനിറച്ചിയും വനംവകുപ്പ് കണ്ടെടുത്തു. മാനിനെ കൊന്നശേഷം തൊലിയും മറ്റ് അവശിഷ്ടങ്ങളും പുഴയില്‍ ഒഴുക്കിക്കളയുകയായിരുന്നു.

ചെതലയം റെയ്ഞ്ചര്‍ കെ.പി അബ്ദുല്‍ സമദ്, പുല്‍പ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ചര്‍ സുനില്‍കുമാര്‍, ഫോറസ്റ്റര്‍ മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്.