ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത


കോഴിക്കോട്‌: ബംഗാൾ ഉൾക്കടലിൽ വ്യാഴാഴ്‌ച പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വ്യാഴാഴ്‌ച രാത്രി മുതൽ ശക്തമായ മഴക്ക്‌ സാധ്യത. കേരളം ഉൾപ്പെടെ പടിഞ്ഞാറൻ തീരം പൂർണമായും കാലവർഷക്കാറ്റ് സജീവമാകും. ശക്തമായ മഴക്ക് ഈ കാലവർഷക്കാറ്റ് കാരണമാകും.

ബംഗാൾ ഉൾക്കടലിൽ ഒഡിഷക്ക്‌ സമാന്തരമായി ന്യൂനമർദം രൂപപ്പെടാൻ അനുകൂലമാണ് ഇപ്പോഴത്തെ അന്തരീക്ഷസ്ഥിതിയെന്നാണ്‌ കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം. പാകിസ്‌താന്‌ മുകളിലായി രൂപപ്പെട്ട ന്യൂനമർദം വടക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങളായ ഗുജറാത്തിലും രാജസ്ഥാനിലും മഴ ശക്തിപ്പെടുത്തും. ഡൽഹി, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലും മഴ സജീവമാകാൻ ന്യൂനമർദം സഹായിക്കും.

മൺസൂൺ സീസണിലെ മൂന്നാമത്തെയും ജൂലൈയിലെ രണ്ടാമത്തെയും ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാനിരിക്കുന്നത്. വടക്കൻ ബംഗാൾ ഉൾക്കടലിൽ കാറ്റിന്റെ ദിശയിലും വേഗത്തിലും മാറ്റങ്ങൾ ദൃശ്യമാണ്. മൂന്നുദിവസം വടക്കു പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ നിലകൊള്ളുന്ന ന്യൂനമർദം ബംഗാളിനും ഒഡിഷക്കും ഇടയിൽ കരകയറും. 25ന് തീവ്ര ന്യൂനമർദം വരെയായി ശക്തിപ്പെട്ട് കരകയറിയേക്കും. തമിഴ്‌നാട്ടിൽ മാത്രമാകും ദക്ഷിണേന്ത്യയിൽ മഴ കുറയുക.