ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, കേരളത്തില്‍ മെയ് 26 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത


തിരുവനന്തപുരം: മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. നാളെ രാവിലെയോടെ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യത.

 

ഇത് വടക്ക് – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് മെയ് 24-ഓടെ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായും തുടര്‍ന്ന് അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായും മാറാന്‍ സാധ്യത. ഒമാന്‍ നിര്‍ദ്ദേശിച്ച ‘യാസ്’ എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപെടുക.

മെയ് 22 മുതല്‍ മെയ് 24 വരെ തെക്കു കിഴക്കന്‍ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും, ആന്‍ഡമാന്‍ കടലിലും, ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളുടെ തീരപ്രദേശങ്ങളിലും മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. നിലവില്‍ ഈ പ്രദേശങ്ങളില്‍ ആഴക്കടല്‍ മല്‍സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മല്‍സ്യ തൊഴിലാളികള്‍ ഉടനെത്തന്നെ തീരത്ത് മടങ്ങിയെത്തുവാന്‍ നിര്‍ദേശം നല്‍കേണ്ടതാണ്.

കേരളത്തില്‍ മെയ് 26 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദ രൂപീകരണവും അതുമായി ബന്ധപ്പെട്ട് കേരളത്തിലെ ദിനാവസ്ഥയില്‍ വരാന്‍ സാധ്യതയുള്ള മാറ്റങ്ങളും ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലവസ്ഥ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.