‘ഫേസ്ബുക്ക്’ ഇനിയില്ല; പേരും ലോഗോയും ഉള്‍പ്പെടെ അടിമുടി മാറും; ഞെട്ടിക്കുന്ന തീരുമാനവുമായി ഫേസ്ബുക്ക്


ന്യൂയോര്‍ക്ക്: സാമൂഹ്യ മാധ്യമങ്ങളിലെ രാജാവായ ഫേസ്ബുക്ക് സുപ്രധാനമായ മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നു. പേരും ലോഗോയും ഉള്‍പ്പെടെ അടിമുടി മാറി റീബ്രാന്റിങ്ങിന് തയ്യാറെടുക്കുകയാണ് ഫേസ്ബുക്കെന്ന് അമേരിക്കന്‍ ടെക്‌നോളജി വെബ്‌സൈറ്റായ ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്തു.

സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഫേസ്ബുക്ക് പേരുമാറ്റത്തിന് ഒരുങ്ങുന്നത്. ഒക്ടോബര്‍ 28 ന് നടക്കുന്ന കമ്പനിയുടെ കോണ്‍ഫറന്‍സിലായിരിക്കും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. എന്നാല്‍ പേരുമാറ്റം ഇതിന് മുമ്പ് തന്നെ ഉണ്ടായേക്കുമെന്നും വെര്‍ജ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം വാര്‍ത്തയോട് ഫേസ്ബുക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഊഹാപോഹങ്ങള്‍ക്ക് മറുപടി പറയാനില്ല എന്നാണ് കമ്പനി അറിയിച്ചത്.

ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗ്

ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന സമൂഹമാധ്യമങ്ങളിലൊന്നാണ് ഫേസ്ബുക്ക്. 2021 ലെ കണക്കുകള്‍ പ്രകാരം നിലവില്‍ ഫേസ്ബുക്കിന് 190 കോടി ആക്ടീവ് യൂസേഴ്സുണ്ട്. പ്രതിമാസം 290 കോടിയാളുകളിത് ഉപയോഗിക്കുന്നു.

മെറ്റാവേഴ്‌സ് എന്ന സ്വപ്‌ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാനായാണ് ഫേസ്ബുക്ക് പേരുമാറുന്നത് എന്ന് ഫേസ്ബുക്ക് വൃത്തങ്ങളെ ഉദ്ധരിച്ച് വെര്‍ജ് റിപ്പോര്‍ട്ട് ചെയ്തു. ആളുകള്‍ക്ക് പരസ്പരം കാണാനും സംസാരിക്കാനുമെല്ലാം സാധിക്കുന്ന ‘ഷെയേര്‍ഡ് വെര്‍ച്വല്‍ സ്പേസ്’ ആണ് മെറ്റാവേഴ്സ്. വ്യത്യസ്ത ഉപകരണങ്ങളിലൂടെ ആളുകള്‍ക്ക് ഈ വെര്‍ച്വല്‍ ലോകത്ത് പ്രവേശിക്കാനാവും. ഓരോരുത്തര്‍ക്കും വെര്‍ച്വല്‍ രൂപമുണ്ടാവും. പരസ്പരം കാണാനും സംസാരിക്കാനും സാധിക്കും.

അഞ്ച് കോടി ഡോളറാണ് മെറ്റാവേഴ്സ് നിര്‍മിക്കുന്നതിനായി ഫേസ്ബുക്ക് നിക്ഷേപിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റിന്റെ ഭാവിയാണ് മെറ്റാവേഴ്സ് എന്നാണ് ഫേസ്ബുക്ക് മേധാവി സക്കര്‍ബര്‍ഗ് വ്യക്തമാക്കിയത്. മെറ്റാവേഴ്സിന് വേണ്ടി ഒരു പ്രൊഡക്റ്റ് ടീം രൂപീകരിക്കുമെന്ന് ഫേസ്ബുക്ക് ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു. ഫേസ്ബുക്ക് റിയാലിറ്റി ലാബിന്റെ ഭാഗമായാണ് മെറ്റാവേഴ്സ് സംഘം പ്രവര്‍ത്തിക്കുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.