‘ഫുട്ബോളിലേതെന്ന പോലെ പ്രധാനമാണ് അഭിനയത്തിലും പരിശീലനം’; തിരുവമ്പാടിയിലെ ഹോളിവുഡ് താരം എബിൻ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു (വീഡിയോ)


ഹോളിവുഡ് സസ്‌പെന്‍സ് ത്രില്ലറില്‍ മുഖം കാണിച്ച സന്തോഷത്തിലാണ് കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ എബിന്‍. ചെറുപ്പം മുതലേ പഠിച്ച് വളര്‍ന്നത് ചെന്നൈ മലയാളിയായിട്ടാണെങ്കിലും ഉള്ളിലും ഇപ്പോഴും തിരുവമ്പാടിയിലെ അമ്മയുടെ വീടും, ഇരുട്ടിയിലെ അച്ഛന്റെ വീടുമൊക്കെയാണുള്ളത്. തമ്പലമണ്ണ തോണിപ്പാറയിലെ ആന്റണിയുടെയും, ഡെയ്‌സിയുടെയും ഇളയമകനാണ് എബിന്‍.

ചെറുപ്പും മുതലേ അഭിനയത്തോടും, ഫുട്‌ബോളിനോടും പ്രിയമായിരുന്നു. എഞ്ചിനീയറിംഗ് പഠനകാലത്ത് കോളേജ് ഫുട്‌ബോള്‍ ടീമിലും അംഗമായിരുന്നു. കളിക്കിടയിലേറ്റ അപകടത്തെത്തുടര്‍ന്ന് ജീവിതത്തില്‍ ഒരു നീണ്ട ഇടവേളയായിരുന്നു എബിനുണ്ടായത്. പിന്നീട് വീട്ടിലിരുന്ന സമയങ്ങളിലാണ് എംടെക് അമേരിക്കയില്‍ ചെയ്യാമെന്ന് തീരുമാനിക്കുന്നത്. അങ്ങിനെ അതിനായുള്ള പരിശീലനങ്ങള്‍ ആരംഭിച്ചു. പിന്നെ എംടെക് പഠനത്തിനായി അമേരിക്കയിലെത്തി.

അമേരിക്കന്‍ കോളേജ് ലൈഫിനിടയിലും അഭിനയരംഗത്ത് എബിന്‍ സജ്ജീവമായിരുന്നു. എബിന്റെ അഭിനയരംഗത്തെ കഴിവ് കണ്ട സുഹൃത്തുക്കള്‍ അഭിനയമാണ് നിന്റെ വഴിയെന്ന് പറയുകയായിരുന്നു.

എംടെക് പഠനത്തിന് ശേഷം ലോസാഞ്ചലസിലെ ന്യൂയോര്‍ക്ക് ഫിലീം അക്കാദമിയില്‍ അഭിനയത്തിന്റെ പാഠങ്ങള്‍ പഠിക്കാനായി എബിന്‍ എത്തി. ചെന്നൈയിലെ പഠനകാലത്ത് നൂറിലധികം മലയാളം, തമിഴ്, ഇംഗ്ലീഷ് കാര്‍ട്ടൂണുകള്‍ക്ക് ഡബ്ബ് ചെയ്തിരുന്ന താരത്തിന് ന്യൂയോര്‍ക്ക് ഫിലീം അക്കാദമിയിലെ പഠനം ഒരു അത്ഭുതമായിരുന്നു.

‘നമ്മുടെ നാട്ടിലെ പോലെയല്ല, ഇവിടെ സിനിമയില്‍ അഭിനയിക്കണമെങ്കില്‍ ഒരുപാട് ഓഡീഷനുകളില്‍ പങ്കെടുക്കണം, ഒപ്പം ഭാഷയും എന്റെ മുന്നില്‍ വില്ലനായി മാറി’ എബിന്‍ പറഞ്ഞു. ഡയലോഗുകള്‍ മാത്രം പഠിക്കാനായി ഞാന്‍ പലരുടെയും അടുത്ത് പരിശീലനത്തിന് പോയി, ഇപ്പോഴും പരിശീലിച്ചു കൊണ്ടിരിക്കുന്നു. ഫുട്‌ബോളുമായി കളിക്കളത്തിലിറങ്ങുമ്പോള്‍ കോച്ച് പറഞ്ഞിരുന്ന പോലെ പരിശീലനം പ്രധാനമാണ്. സിനിമയിലും അത് അങ്ങിനെയാണ്.’ -എബിൻ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ടെറ്റാനിക്കിലെ ലിയനാര്‍ഡോ ഡി കാപ്രിയോക്ക് പരിശീലനം നല്‍കിയ ലാരിമോസ്, ജെയിംസ് ഡ്യൂമോണ്ട്, ടിം ഫിലിപ്പ്, എന്നീ മുന്‍ നിര പരിശീലകരാണ് എബിന് ഡയലോഗ് കോച്ചിംഗ് നല്‍കുന്നത്.

അമേരിക്കയില്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത സ്‌പോക്കണ്‍ എന്ന ചിത്രത്തിലെ ടൈലര്‍ എന്ന കഥാപാത്രമായാണ് എബിന്‍ എത്തിയിരിക്കുന്നത്. അഞ്ച് കഥാപാത്രങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. പിശാചുക്കളായ ഞണ്ടുകളെപ്പോലുള്ള ജീവികളുടെ ആക്രമണത്തിന് ഇരയാകുന്ന ഒരു കോളേജ് പെണ്‍കുട്ടിയേയും അവളുടെ സുഹൃത്തുക്കളെയും കുറിച്ചുള്ള കഥയാണ് ചിത്രത്തിന്റെ പ്രമേയം.

ഇനിയും ഒരുപാട് സിനിമകള്‍ ചെയ്യണം എന്ന് തന്നെയാണ് എബിന്റെ ആഗ്രഹം. ഏത് ഭാഷയിലായാലും നല്ലകഥാപാത്രവും, കഥയുമാണെങ്കില്‍ അഭിനയിക്കാന്‍ തയ്യാറാണെന്നാണ് എബിന്‍ പറയുന്നത്.

വീഡിയോ കാണാം