ഫസ്റ്റ് ബെല്ലില്‍ ഇനി ഓഡിയോ ബുക്കുകളും; പത്താം ക്ലാസിലെ മുഴുവന്‍ വിഷയങ്ങളുടേയും റിവിഷന്‍ ശബ്ദരൂപത്തില്‍ കേള്‍ക്കാം
തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി പൊതുപരീക്ഷയുള്ള 10, 12 ക്ലാസുകളിലെ റിവിഷന്‍ ഭാഗങ്ങള്‍ പ്രത്യേക ഓഡിയോ ബുക്ക് രൂപത്തില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) പുറത്തിറക്കി. പത്താം ക്ലാസിലെ മുഴുവന്‍ വിഷയങ്ങളുടെയും റിവിഷന്‍ ക്ലാസുകള്‍ ആകെ പത്ത് മണിക്കൂറിനുള്ളില്‍ കുട്ടികള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്ന രൂപത്തിലുള്ള ഓഡിയോ ബുക്കുകള്‍ ഇന്ന് മുതല്‍ firstbell.kite.kerala.gov.in ല്‍ ലഭ്യമാകുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
ഓരോ വിഷയവും ശരാശരി ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്‌ളാസുകളായാണ് ഒരുക്കിയിരിക്കുന്നത്. എംപി3 ഫോര്‍മാറ്റിലുള്ള ഓഡിയോ ബുക്കുകള്‍ ഒരു റേഡിയോ പ്രോഗ്രാം പോലെ ശ്രവിക്കാനും വളരെയെളുപ്പം ഡൗണ്‍ലോഡ് ചെയ്യാനും സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കാനും കഴിയും. ആവശ്യമുള്ളവര്‍ക്ക് ഹൈടെക് പദ്ധതികളുടെ ഭാഗമായി സ്‌കൂളുകളില്‍ ഒരുക്കിയിട്ടുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം പ്രയോജനപ്പെടുത്തി ഇവ ഡൗണ്‍ലോഡ് ചെയ്യാനാവും.
ശ്രവണ പരിമിതരായ കുട്ടികള്‍ക്കായി ആംഗ്യഭാഷയില്‍ (സൈന്‍ ലാംഗ്വേജ് അഡാപ്റ്റഡ്) തയ്യാറാക്കിയ പ്രത്യേക ക്ലാസുകളും തയ്യാറായി. കേള്‍വി പരിമിതരായ 280-ഓളം കുട്ടികള്‍ക്ക് അധ്യാപകരുടെ പ്രത്യേക ക്ലാസുകളാണ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നല്‍കിവരുന്നത്. എന്നാല്‍ റിവിഷന്‍ ക്ലുാസുകള്‍ ഇവര്‍ക്ക് ഇനിമുതല്‍ പൊതുവായി കാണാനാകും. ഈ മേഖലയിലെ അധ്യാപകര്‍ക്ക് എസ്.സി.ഇ.ആര്‍.ടി സൈന്‍ അഡാപ്റ്റഡ് രീതിയില്‍ പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്.
നേരത്തെതന്നെ കാഴ്ചപരിമിതര്‍ക്ക് ഉപയോഗിക്കാനായി സ്വതന്ത്രസോഫ്‌റ്റ്വെയറിലുള്ള ‘ഓര്‍ക്ക’ സ്‌ക്രീന്‍ റീഡിംഗ് സോഫ്‌റ്റ്വെയര്‍ കൈറ്റ് സ്‌കൂളുകളിലേക്കുള്ള ലാപ്‌ടോപ്പുകളില്‍ ലഭ്യമാക്കിയിരുന്നു. അധ്യാപകര്‍ക്ക് പ്രത്യേക ഐ.സി.ടി. പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്.
പൊതുവിഭാഗത്തിന് പുറമെ തമിഴ്, കന്നട മീഡിയം ക്ലാസുകള്‍ ഉള്‍പ്പെടെ 6300 ക്ലാസുകള്‍ (3150 മണിക്കൂര്‍) ഇതിനകം ഫസ്റ്റ്‌ബെല്ലിന്റെ ഭാഗമായി സംപ്രേഷണം ചെയ്തു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി എസ്.എസ്.കെയുടെ വൈറ്റ്‌ബോര്‍ഡ് പദ്ധതിയും നിലവിലുണ്ട്. ഇതോടൊപ്പം ശ്രവണ പരിമിതിയുള്ളവര്‍ക്കും കാഴ്ച പരിമിതിയുള്ളവര്‍ക്കും പൊതുപരീക്ഷയെ അഭിമുഖീകരിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ കൂടി ഒരുക്കിയതോടെ ഫസ്റ്റ്‌ബെല്ലിന്റെ ഭാഗമായി രാജ്യത്ത് പുതിയ മാതൃക സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്.