ഫറോക്ക് ടിപ്പു കോട്ട സംരക്ഷണം വിദഗ്ധരുമായി ചര്‍ച്ച ഉടന്‍; മന്ത്രി പി.എ. മുഹമ്മദ് റിയാസ്
ഫറോക്ക്: സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ മുന്നണി പോരാളിയായ ടിപ്പു സുല്‍ത്താെന്റ ഓര്‍മകള്‍ ജ്വലിച്ചു നില്ക്കുന്ന ഫറോക്ക് ടിപ്പു കോട്ട സംരക്ഷണം സര്‍ക്കാറിെന്റ ഉത്തരവാദിത്തമായി കണക്കാക്കി ഏറ്റെടുത്ത് സംരക്ഷിക്കുന്നത് സംബന്ധിച്ച് വിദഗ്ധരുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് പൊതുമരത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ചൊവ്വാഴ്ച കോട്ടയും പരിസരവും സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി.
സംരക്ഷിത ചരിത്ര സ്മാരകമെന്ന നിലയില്‍, കോട്ടയും ഇതുമായി ബന്ധപ്പെട്ട ഭൂമിയിലും കൂടുതല്‍ പരിശോധനകളും പഠനവും അനിവാര്യമാണ്. ഇതാടൊപ്പം ഇവിടെ നിലവിലുള്ളതും നേരത്തെ പ്രാഥമിക പര്യവേക്ഷണങ്ങളില്‍ ലഭ്യമായതുമായ നിരവധി അമൂല്യമായ ചരിത്ര ശേഷിപ്പുകളുടെ സംരക്ഷണവും ഉറപ്പാക്കേണ്ടതുണ്ട്.
കോടതി വ്യവഹാരങ്ങള്‍ തുടരുന്നതിനാല്‍, നിയമ വശങ്ങള്‍ക്കൊപ്പം കോട്ടഭൂമിയുടെ അനന്ത സാധ്യതകള്‍ പരിശോധിച്ച് ടൂറിസം വകുപ്പിനെയും കൂട്ടിയിണക്കിയുള്ള ബൃഹദ് പദ്ധതി ആസൂത്രണം ചെയ്യും. ഇതിനായി ചരിത്രം, ഗവേഷണം, പുരാവസ്തു തുടങ്ങിയ ബന്ധപ്പെട്ട എല്ലാ മേഖലകളിലേയും വിദഗ്ധരുമായും കൂടിയാലോചിക്കും.
ജനാഭിലാഷം കൂടി പരിഗണിച്ചുള്ള സമഗ്ര പദ്ധതിക്കാകും പ്രാധാന്യം നല്‍കുക. കോളനി വിരുദ്ധ പോരാട്ടങ്ങളുടെ ഏറ്റവും വലിയ സ്മാരകങ്ങളിലൊന്നാണ് ടിപ്പു കോട്ട. കോടതി വ്യവഹാരങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കാനാകുമോ എന്നുകൂടി പരിശോധിക്കണം. കേസുകള്‍ അനന്തമായി നീളുന്നത് ഇതുപോലുള്ള ചരിത്ര സ്മാരകളുടെ സംരക്ഷണത്തെ ബാധിക്കരുതെന്നും മന്ത്രി പറഞ്ഞു.
ബേപ്പൂര്‍ മണ്ഡലം െഡവലപ്മെന്റ് മിഷന് ചെയര്മാന് എം. ഗിരീഷ്, ഒ.ആര്. മധു, പി.പി. രാമചന്ദ്രന് തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.