പ്ലസ് വൺ വിദ്യാർത്ഥികളിൽ ആത്മവിശ്വാസം പകരാൻ ‘അരികെ’യുണ്ട്: ശ്രദ്ധേയമായി കെ.എസ്.ടി.എ യുടെ ഫൈനൽ റൗണ്ട് അപ്പ് ക്ലാസ്സുകൾ


കോഴിക്കോട്: പരീക്ഷയ്ക്ക് മുന്നോടിയായി പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകർന്നുകൊണ്ട് കെ എസ് ടി എ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ അക്കാദമിറ്റ് കൗൺസിലും ഹയർ സെക്കന്ററി സബ് കമ്മിറ്റിയും സംയുക്തമായി ചേർന്നുകൊണ്ട് അരികെ എന്ന പേരിൽ ഫൈനൽ റൗണ്ട് അപ്പ് ക്ലാസ്സുകൾ ആരംഭിച്ചു.

മൂന്നുദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള അറുപതിലധികം അധ്യാപകരുടെ നേതൃത്വത്തിൽ 19 വിഷയങ്ങളിലായാണ് ക്ലാസ് ആസൂത്രണം ചെയ്തത്. കുട്ടികൾക്ക് നേരിട്ട് അധ്യാപകരുമായി സംവദിക്കാവുന്ന രീതിയിൽ സൂം പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തിക്കൊണ്ട് അധ്യാപകർ നയിക്കുന്ന ക്ലാസ്സ് കെ.എസ്.ടി.എ യുടെ പലമുറ്റം യൂട്യൂബ് ചാനലിലും ലൈവായി ലഭിക്കുന്ന രീതിയിലാണ് സംഘടിപ്പിച്ചത്.

പതിനായിരത്തിലേറെ വിദ്യാർത്ഥികളാണ് ‘അരികെ’ യിൽ എത്തിച്ചേർന്നത്. വിദ്യാർത്ഥികളെ ബാധിക്കാത്ത രീതിയിൽ വ്യത്യസ്ത വിഷയങ്ങളെ ക്രമീകരിച്ചു കൊണ്ട് ഇടവേളയില്ലാതെ ഇന്നലെയും ഇന്നുമായി 28 മണിക്കൂർ സമയമാണ് ക്ലാസ് നടത്തപ്പെട്ടത്. ഓൺലൈൻ പഠനാനുഭവം മാത്രമായി പരീക്ഷയെ അഭിമുഖീകരിക്കാൻ ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് സംശയ നിവാരണത്തോടൊപ്പം മാനസിക പിന്തുണയേകാനും ക്ലാസുകൾ സഹായകമായി.

കോവിഡ് തീർത്ത അനിശ്ചിതാവസ്ഥയിൽ ഒട്ടേറെ അക്കാദമിക പ്രവർത്തനമാണ് കെ എസ് ടി എ കോഴിക്കോട് ജില്ലാ കമ്മിറ്റി ഏറ്റെടുത്തിട്ടുള്ളത്.