പ്ലസ് വൺ പ്രവേശന നടപടികൾ ഇന്ന് ആരംഭിക്കും; ഒക്ടോബർ ഒന്ന് വരെയാണ് പ്രവേശനം
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ വിദ്യാർഥികളുടെ പ്രവേശന നടപടികൾ ഇന്ന് ആരംഭിക്കും. ഒക്ടോബർ ഒന്ന് വരെയാണ് പ്രവേശനം. പ്ലസ് വൺ ആദ്യ അലോട്ട്മെന്റ് ഇന്നലെ പ്രസിദ്ധീകരിച്ചു, അലോട്ട്മെന്റ് പട്ടിക ഓൺലൈനിൽ ലോഗിൻ ചെയ്യാൻ തടസം നേരിട്ടതായും വിദ്യാർഥികൾ അറിയിച്ചു. ഹയർ സെക്കൻഡറി പ്രവേശനം ഇന്ന് രാവിലെ 9നും വി.എച്ച്.എസ്.ഇ പ്രവേശനം 10നും തുടങ്ങും.
ആകെ 2,71,136 മെറിറ്റ് സീറ്റിലേക്ക് 4,65,219 പേര് അപേക്ഷിച്ചിരുന്നു. ഇതില്‍ 2,18,413 പേര്‍ക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. ശേഷിക്കുന്നത് 52,718 സീറ്റാണ്. എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ്, കമ്യൂണിറ്റി ക്വോട്ട സീറ്റ് ചേര്‍ത്താല്‍പോലും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് സീറ്റുണ്ടാകില്ല.
എന്നാൽ അലോട്ട്മെൻറ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. അതേസമയം ആദ്യം അനുവദിക്കപ്പെട്ട പ്രവേശന സമയത്ത് ഹാജരാകാൻ സാധിക്കാത്തവർക്ക് സ്‌കൂൾ പ്രിൻസിപ്പൽ നിർദേശിക്കുന്ന മറ്റൊരു സമയത്തെത്തി പ്രവേശനം നേടാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കൊറോണ മാനദണ്ഡം കൃത്യമായി പാലിച്ചുകൊണ്ടാണ് പ്രവേശനം. ഒരു വിദ്യാർഥിയുടെ പ്രവേശന നടപടികൾപൂർത്തീകരിക്കുന്നതിനായി അനുവദിച്ചിരിക്കുന്ന സമയം 15 മിനിറ്റാണ്. വി.എച്ച്.എസ്.ഇ പ്രവേശനം 29നും ഹയർ സെക്കൻഡറി പ്രവേശനം ഒക്‌ടോബർ ഒന്നിനും അവസാനിക്കും.
സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ഒന്നാം വർഷ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റാണ് ഇന്നലെ പ്രസിദ്ധീകരിച്ചത്. അലോട്ട്മെന്റ് വിവരങ്ങൾക്ക് http://www.admission.dge.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.