പ്ലസ് വണ്‍ പരീക്ഷ ഓഫ്ലൈനായി നടത്താന്‍ അനുമതി നല്കി സുപ്രീംകോടതി
കോഴിക്കോട്: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ ഓഫ്ലൈനായി നടത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന് അനുമതി നല്കി സുപ്രീംകോടതി. ഓഫ്ലൈനായി പരീക്ഷ നടത്തുന്നതിനെതിരെ നല്‍കിയിരുന്ന ഹര്‍ജി ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചാണ് തള്ളിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടത്താം എന്നാണ് കോടതിയുടെ ഉത്തരവ്.
പ്ലസ് വണ്‍ പരീക്ഷ നടത്തേണ്ടതിന്റെ അനിവാര്യത സംബന്ധിച്ച് കേരളാ സര്‍ക്കാര്‍ നേരത്തേ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഈ സത്യവാങ്മൂലം മുഖവിലയ്ക്ക് എടുത്തുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളിലെത്തി പരീക്ഷ എഴുതുന്നതിനുള്ള അനുമതി നല്‍കിക്കൊണ്ട് സുപ്രീംകോടതി ഉത്തരവായിരിക്കുന്നത്.
ഏഴുലക്ഷം പേര് ഓഫ്ലൈനായി നീറ്റ് പരീക്ഷയെഴുതിയത് പരാമര്‍ശിച്ചുകൊണ്ടാണ് പ്ലസ് വണ്‍ പരീക്ഷയ്ക്ക് എതിരായ ഹര്‍ജികള്‍ തള്ളിയത്.
ഹര്‍ജിക്കാര്‍ക്കുവേണ്ടി അഭിഭാഷകന് പ്രശാന്ത് പത്മനാഭനും സര്‍ക്കാറിന് വേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ ശശിയുമാണ് ഹാജരായത്.