പ്ലസ് ടു പ്രായോഗിക പരീക്ഷകള്‍ മാറ്റണം: അടിയന്തിര റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍


മലപ്പുറം: ഏപ്രില്‍ 28 ന് തുടങ്ങുന്ന ഹയര്‍ സെക്കന്ററി പ്രായോഗിക പരീക്ഷകള്‍ മാറ്റണമെന്ന ആവശ്യം പരിശോധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അടിയന്തിരമായി വിശദീകരണം സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റേണ്ചത്. ഏപ്രില്‍ 26 ന് വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവയ്ക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റിസ് വിഷയങ്ങള്‍ക്ക് പ്രാക്ടിക്കല്‍ പരീക്ഷയുണ്ട്.പതിവായുള്ള പ്രാക്ടിക്കലിന് പുറമേ ഇക്കുറി കണക്കിനും പ്രായോഗിക പരീക്ഷയുണ്ട്. പ്രായോഗിക പരീക്ഷക്ക് പരിമിത സൗകര്യമുള്ള സ്‌കൂള്‍ ലാബുകള്‍ പങ്കിടുന്നത് രോഗവ്യാപന സാധ്യതക്ക് കാരണമാകുമെന്നാണ് പരാതി. സാധാരണ തിയറി പരീക്ഷക്ക് മുമ്പാണ് പ്രായോഗിക പരീക്ഷകള്‍ നടത്താറുള്ളത്. മാര്‍ച്ചില്‍ നടക്കേണ്ട എഴുത്തു പരീക്ഷ ഏപ്രിലിലേക്ക് മാറ്റിയതോടെയാണ് പ്രായോഗിക പരീക്ഷയും തകിടം മറിഞ്ഞത്.ലാബുകളില്‍ സാമൂഹിക അകലം പ്രായോഗികമല്ലെന്ന് വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും പറയുന്നു. പ്രായോഗിക പരീക്ഷ നടത്തുന്ന അധ്യാപകര്‍ ഒന്നിലധികം കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. ഇതും രോഗ വ്യാപനത്തിന് കാരണമാകുമെന്ന് പരാതിയുണ്ട്.